തളിപ്പറമ്പ: നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെ തളിപ്പറമ്പിന്റെ മണ്ണിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കുന്നത് വരെ വിശ്രമമില്ലാത്ത പോരാട്ടത്തിന് തുടക്കം കുറിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി. വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ കടന്നാക്രമണങ്ങൾക്കെതിരെ നാടിന്റെ കാവലാളായി മാറാൻ 'കാവൽ' എന്ന പേരിൽ ബൃഹത്തായ ലഹരിവിരുദ്ധ ക്യാമ്പയിന് മുനിസിപ്പൽ കമ്മിറ്റി രൂപം നൽകി.
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ നിന്ന് ലഹരിയുടെ അവസാനത്തെ കണ്ണിയും അറുത്തുമാറ്റുന്നത് വരെ തുടരുന്ന സുദീർഘവും ശക്തവുമായ പോരാട്ടവീര്യത്തോടെയാണ് 'കാവൽ' ജനങ്ങളിലേക്ക് ഇറങ്ങുന്നത്.ലഹരി മാഫിയകളുടെ താവളങ്ങളെയും വിപണന കേന്ദ്രങ്ങളെയും പൂർണ്ണമായി തകർത്തെറിയുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പ്രതിരോധം തീർക്കാനാണ് യൂത്ത് ലീഗ് തീരുമാനം.
ക്യാമ്പയിന്റെ ഭാഗമായി ശാഖാ തലങ്ങളിൽ ജനങ്ങളെയും യുവാക്കളെയും അണിനിരത്തി വിപുലമായ ലഹരിവിരുദ്ധ സദസ്സുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. മുനിസിപ്പൽ പരിധിയിലെ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് ജനകീയ 'ജാഗ്രതാ സമിതികൾ' രൂപീകരിക്കും. ലഹരി വിൽപനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും നീക്കങ്ങൾ ഈ സമിതികളുടെ കർശന നിരീക്ഷണത്തിലായിരിക്കും.
തളിപ്പറമ്പിൽ ലഹരിയുടെ ഹബ്ബുകളായി മാറിക്കൊണ്ടിരിക്കുന്നതും ലഹരി മാഫിയകൾ തമ്പടിക്കുന്നതുമായ പ്രധാന കേന്ദ്രങ്ങളെ കണ്ടെത്തി അവിടെ ശക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലക്ഷ്യമിട്ട് ലഹരിസംഘങ്ങൾ വലവിരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ-കോളേജ് പരിസരങ്ങളിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ നിരീക്ഷണം ശക്തമാക്കും.
ലഹരിയിൽ വീണുപോയവരെ കൈപിടിച്ചുയർത്തുക എന്ന കാരുണ്യത്തിന്റെ മുഖവും ഈ ക്യാമ്പയിനുണ്ട്. ലഹരിയുടെ കെണിയിൽ അകപ്പെട്ടുപോയ കുട്ടികളെയും വിദ്യാർത്ഥികളെയും കുറ്റവാളികളായല്ല, മറിച്ച് മാറ്റിയെടുക്കേണ്ടവരായി കണ്ട് അവർക്ക് മികച്ച കൗൺസിലിംഗും സ്നേഹപൂർണ്ണമായ പരിചരണവും നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വിപുലമായ സംവിധാനവും 'കാവൽ' പദ്ധതിയുടെ ഭാഗമായി ഒരുക്കും. ലഹരിക്കെതിരെ കേരള സർക്കാരിന്റെ പോലീസ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന "തൂഫാൻ", എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ "തണ്ടർ" എന്നീ ഔദ്യോഗിക ക്യാമ്പയിനുകൾക്ക് യൂത്ത് ലീഗിന്റെ പൂർണ്ണമായ പിന്തുണയും സന്നദ്ധ സേവനവും ഉണ്ടാവും.
ക്യാമ്പയിന്റ് പ്രഖ്യാപനം തളിപ്പറമ്പ സർക്കിൾ ഇൻസ്‌പെക്ടർ പി.അജിത്ത് കുമാർ നിർവഹിച്ചു.പ്രസിഡന്റ് കെ. മുഹമ്മദ് അഷ്‌റഫ് ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ ട്രഷറർ കെ.എൻ. അൻഷാദ് ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുപ്പം,എ.പി. നാസർ, കെ.എസ്. റഫീഖ്, കെ.എസ്. ഉമ്മർ, ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ, സി.കെ. മദനി, സി.പി. നൗഫൽ എന്നിവർ സംബന്ധിച്ചു.നാടിന്റെ സുരക്ഷയ്ക്കായും വരും തലമുറയുടെ വെളിച്ചത്തിനായും കൈകോർക്കാൻ മുഴുവൻ പൊതുജനങ്ങളും യുവാക്കളും മുന്നോട്ടുവരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
Content Highlight: Muslim Youth League
































