തളിപ്പറമ്പ മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും, ലഹരിക്ക് അടിമപ്പെട്ടവർക്ക് വിദഗ്ധ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്നതിനായി അടിയന്തരമായി തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ ലഹരി വിമുക്തി കേന്ദ്രം (Rehabilitation Centre) സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി എം.എൽ.എയ്ക്ക് നിവേദനം നൽകി.
പ്രദേശത്ത് ലഹരി മാഫിയകളുടെ പ്രവർത്തനം യുവാക്കൾക്കിടയിൽ വലിയ വിപത്താണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ലഹരിയുടെ പിടിയിലായ നിരവധിയാളുകൾ ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതെ വലയുന്ന സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ സർക്കാർ തലത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലഹരി വിമുക്ത കേന്ദ്രം തളിപ്പറമ്പിൽ ആരംഭിക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യം.ഏറ്റവും മികച്ച രീതിയിൽ പെട്ടെന്ന് തന്നെ ഒരുക്കാൻ സാധിക്കുക തളിപ്പറമ്പ താലൂക്ക് ആശുപത്രിയിലാണ്.
വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട്, ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തി പദ്ധതി യാഥാർത്ഥ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകി.മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്‌റഫ്,ജനറൽ സെക്രട്ടറി പിഎ. ഇർഫാൻ, ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുപ്പം,കെഎസ് ഉമ്മർ,ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ, സികെ. മദനി, സിപി.നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ചത്.
Content Highlight: musli youth league




































