---
title: "പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവം: കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം"
english_title: "Incident involving the spread of fake news against P.K. Sreemathi: V.D. Satheesan urges Chief Minister to take strict action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374390/incident-involving-the-spread-of-fake-news-against-pk-sreemathi-vd-satheesan-urges-chief-minister-to-take-strict-action"
published_at: "2026-07-24T16:20:00+05:30"
category: "News"
language: "ml"
image: "https://thaliparamba.truevisionnews.com/image-uploads/6a6343ac4e8e7_1000726740.jpg"
keywords: []
---

# പി.കെ ശ്രീമതിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച സംഭവം: കർശന നടപടിക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശം

> **Lead Summary:** മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിക്കെതിരെ അപകീർത്തികരവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിച്ച സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി.

## Article Content

മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിക്കെതിരെ അപകീർത്തികരവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിച്ച സംഘ്പരിവാർ അനുകൂല യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി.

പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിർദേശം കൈമാറി. യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളുടെ നിയമവശങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻ എം.എൽ.എയുടെ ഭാര്യയെന്ന പദവി ഉപയോഗിച്ച് അനധികൃതമായി നിയമസഭാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വ്യാജ പ്രചാരണത്തിനെതിരെയാണ് പി.കെ. ശ്രീമതി പരാതി നൽകിയത്.

മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമീഷൻ എന്നിവർക്കും അവർ പരാതി നൽകിയിട്ടുണ്ട്.അരനൂറ്റാണ്ടിലേറെയായി പൊതുരംഗത്ത് സജീവമായ തന്നെ ബോധപൂർവം വ്യക്തിഹത്യ ചെയ്യാനുള്ള നീക്കമാണ് ഇതെന്ന് പരാതിയിൽ ശ്രീമതി ചൂണ്ടിക്കാട്ടി.

അടിസ്ഥാനരഹിതമായ വാർത്ത സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തന്നോട് വിശദീകരണം തേടാനോ വസ്തുതകൾ പരിശോധിക്കാനോ മാധ്യമങ്ങൾ തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി.ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകണമെന്ന ആവശ്യം പൊതുസമൂഹത്തിൽ ശക്തമാണ്.

വ്യാജ വാർത്തകളിലൂടെ പൊതുപ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം ആവശ്യമാണെന്നാണ് നേതാക്കളുടെ അഭിപ്രായം.

സൈബർ സെല്ലിന്റെ സഹായത്തോടെ പരാതിയിൽ ഉൾപ്പെട്ട ചാനലുകളുടെയും പോസ്റ്റുകളുടെയും വിശദാംശങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ഐടി നിയമപ്രകാരവും മറ്റ് വകുപ്പുകൾ പ്രകാരവും കേസെടുക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374390/incident-involving-the-spread-of-fake-news-against-pk-sreemathi-vd-satheesan-urges-chief-minister-to-take-strict-action)