---
title: "കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്, 28 വരെ മഴ തുടരും"
english_title: "Warning of heavy rain in Kerala: Yellow alert issued for two districts, including Kannur, today; rain to continue until the 28th."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/374431/warning-of-heavy-rain-in-kerala-yellow-alert-issued-for-two-districts-including-kannur-today-rain-to-continue-until-the-28th"
published_at: "2026-07-24T21:35:00+05:30"
category: "News"
language: "ml"
image: "https://thaliparamba.truevisionnews.com/image-uploads/6a638d6a8a76f_1000675154.jpg"
keywords: []
---

# കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്: കണ്ണൂർ ഉൾപ്പെടെ രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്, 28 വരെ മഴ തുടരും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. 

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ടുള്ളത്. 

ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

26ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 27ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 28ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് തുടരും.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കരകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം.

അതേസമയം ഇന്ന് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും തെക്കു പടിഞ്ഞാറൻ അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മധ്യ അറബിക്കടൽ, വടക്കൻ-തെക്കൻ-പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ തീരം, ഒമാൻ തീരം, ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശും. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/374431/warning-of-heavy-rain-in-kerala-yellow-alert-issued-for-two-districts-including-kannur-today-rain-to-continue-until-the-28th)