---
title: "പയ്യന്നൂരില്‍ കൊലക്കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍"
english_title: "Murder case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375341/murder-case"
published_at: "2026-07-29T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69cca9ab403_1000739234.jpg"
keywords: []
---

# പയ്യന്നൂരില്‍ കൊലക്കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍

> **Lead Summary:** കണ്ണൂർ:പയ്യന്നൂരില്‍ കൊലക്കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. കതിരൂര്‍ സ്വദേശി സി എച്ച് അഷ്റഫിനെയാണ് പ്രത്യേക അന്വേഷണ സംഘം പയ്യന്നൂരില്‍ നിന്നും പിടികൂടിയത്. വേറ്റുമ്മല്‍ സ്വദേശിയായ രതീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്റഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.2001 ഡിസംര്‍ 11നാണ് പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേറ്റുമ്മലില്‍ വെച്ച് രതീഷിനെ ഒരു സംഘം അക്രമിച്ചത്.

## Article Content

കണ്ണൂർ:പയ്യന്നൂരില്‍ കൊലക്കേസ് പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. കതിരൂര്‍ സ്വദേശി സി എച്ച് അഷ്റഫിനെയാണ് പ്രത്യേക അന്വേഷണ സംഘം പയ്യന്നൂരില്‍ നിന്നും പിടികൂടിയത്. വേറ്റുമ്മല്‍ സ്വദേശിയായ രതീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഷ്റഫിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.2001 ഡിസംര്‍ 11നാണ് പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വേറ്റുമ്മലില്‍ വെച്ച് രതീഷിനെ ഒരു സംഘം അക്രമിച്ചത്.

ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് രതീഷ് മരിച്ചു. സിഎച്ച് അഷ്റഫൊഴികെയുള്ള പത്ത് പ്രതികളെ പോലീസ് പിന്നീട് പിടികൂടി. അന്നു മുങ്ങിയ അഷ്റഫ് പിന്നെ പൊങ്ങിയതേയില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മാറി മാറി വന്ന അന്വേഷണ സംഘങ്ങള്‍ക്ക് അഷ്റഫിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.ഒടുവില്‍ പുതിയ കണ്ണൂര്‍ കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി യുടെ നേതൃത്വത്തിലുള്ല പുതിയ അന്വേഷണ സംഘമാണ് പയ്യന്നൂരില്‍ വെച്ച് അഷ്റഫിനെ പിടികൂടിയത്.

കേസില്‍ പ്രതിയായതിന് പിന്നാലെ നാടു വിട്ട അഷ്റഫ് മൈസൂരുവിലും മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലുമായി ഹോട്ടല്‍ തൊഴിലാളിയായി ജോലി നോക്കി. ഈ സ്ഥലങ്ങളിലെല്ലാമെത്തിയ അന്വേഷണ സംഘം ഒടുവിലാണ് അഷ്റഫ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലേക്ക് മടങ്ങിയെന്ന കാര്യം മനസിലാക്കിയത്.പയ്യന്നൂര്‍ തളിപ്പറമ്പ് റൂട്ടില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തട്ടുകട നടത്തിയ അഷ്റഫ് തങ്ങള്‍ തിരയുന്ന അഷ്റഫാണെന്ന് ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഏറെ പണിപ്പെടേണ്ടി വന്നു.

25 വര്‍ഷം മുമ്പുള്ള അഷ്റഫിന്‍റെ ഫോട്ടോ ഉപയോഗിച്ചായിരുന്നു തെരച്ചില്‍. അന്വേഷണ സംഘം ചോദിച്ചപ്പോള്‍ തന്നെ അഷ്റഫ് എല്ലാം തുറന്നു സമ്മതിച്ചു. തുടര്‍ന്ന് പാനൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. രതീഷ് വധക്കേസില്‍ പ്രതിയായ പത്തു പേരെയും കോടതി പിന്നീട് വെറുതെ വിട്ടിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375341/murder-case)