---
title: "ഹോട്ടലിലെ പ്ളാസ്റ്റിക് മാലിന്യം പന്നിഫാമിലേക്ക്: ലോറി പിടിയിലായി"
english_title: "Plastic waste from a hotel was being transported to a pig farm; the lorry was seized."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375371/plastic-waste-from-a-hotel-was-being-transported-to-a-pig-farm-the-lorry-was-seized"
published_at: "2026-07-29T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69df332cee3_1000739473.jpg"
keywords: []
---

# ഹോട്ടലിലെ പ്ളാസ്റ്റിക് മാലിന്യം പന്നിഫാമിലേക്ക്: ലോറി പിടിയിലായി

> **Lead Summary:** തലശ്ശേരി:തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഉള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണ മാലിന്യത്തിന്റെ കൂടെ അനധികൃതമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി എത്തിയ ലോറി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് പിടികൂടി.

## Article Content

തലശ്ശേരി:തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഉള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണ മാലിന്യത്തിന്റെ കൂടെ അനധികൃതമായി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യവുമായി എത്തിയ ലോറി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് പിടികൂടി.

ചിറ്റാരിപ്പറമ്പ് ഹെൽത്ത് സെൻറർ വാർഡിൽ പ്രവർത്തിക്കുന്ന പന്നി ഫാമിലേക്കുള്ള മാലിന്യമായി എത്തിയ കെ എൽ . 09 എ പി 0912 ലോറിയാണ് രാവിലെ ഏഴു മണിയോടെ ജില്ലാ സ്ക്വാഡിന്റെ പിടിയിലായത്. ഭക്ഷണ മാലിന്യങ്ങൾക്കൊപ്പം പ്രത്യേകം കവറുകളിൽ ആയാണ് ലോറിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നത്. അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനം കണ്ടുകെട്ടാൻ കേരള പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 219 (യു ) പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി.

ഫാം പരിശോധനയിൽ സ്ഥാപനത്തിന് ചുറ്റും അലക്ഷ്യമായ രീതിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്തീരാജ് ആക്ട് സെക്ഷൻ 219 ഐ പ്രകാരം 5000 രൂപ രൂപ പിഴ ചുമത്താനും ജില്ലാ സ്‌ക്വാഡ് നിർദ്ദേശം നൽകി.

ജൈവ മാലിന്യങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടെ പന്നിഫാമുകൾക്കോ മറ്റ് ഏജൻസികൾക്കോ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ ആർ അജയകുമാർ, പ്രവീൺ പി എസ്, ഷാലിഖ് എ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375371/plastic-waste-from-a-hotel-was-being-transported-to-a-pig-farm-the-lorry-was-seized)