---
title: "'എന്റെ സമയം കഴിഞ്ഞു'; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച് നെയ്മർ"
english_title: "'My time is up'; Neymar retires from international football."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375452/my-time-is-up-neymar-retires-from-international-football"
published_at: "2026-07-30T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ad0eeb9950_1000740799.jpg"
keywords: []
---

# 'എന്റെ സമയം കഴിഞ്ഞു'; രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച് നെയ്മർ

> **Lead Summary:** **സാന്‍റോസ്: **ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. 2026 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടില്ലെന്ന് താരം വ്യക്തമാക്കി.

## Article Content

**സാന്‍റോസ്: **ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. 2026 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടില്ലെന്ന് താരം വ്യക്തമാക്കി.

കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ്സ് തുറന്നത്. ലോകകപ്പിൽ നോർവേയ്ക്കെതിരായ പരാജയത്തിന് പിന്നാലെ വിരമിക്കൽ സൂചന നൽകിയിരുന്ന താരം, ഇപ്പോൾ തീരുമാനം അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ്.

> "ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നത്. മഞ്ഞക്കുപ്പായത്തിനായി സർവ്വസ്വവും നൽകി പോരാടിയ ചരിത്രമാണ് എനിക്കുള്ളത്, അതിൽ ഏറെ സന്തോഷവാനാണ്. എന്നാൽ ഇനി ദേശീയ ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ല," നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. ലോകകപ്പിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച നെയ്മർ, താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇനി എല്ലാം അവസാനിച്ചുവെന്നും വ്യക്തമാക്കിയിരുന്നു.

പതിറ്റാണ്ടുകളോളം ബ്രസീലിയൻ മുന്നേറ്റനിരയുടെ കുന്തമുനയായിരുന്ന നെയ്മർ, രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ചരിത്ര റെക്കോർഡോടെയാണ് പടിയിറങ്ങുന്നത്. ബ്രസീലിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. നാല് ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച നെയ്മർ സാന്റോസ്, ബാഴ്സലോണ, പി.എസ്.ജി തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375452/my-time-is-up-neymar-retires-from-international-football)