---
title: "അറബി ഭാഷയോടുള്ള ചിറ്റമ്മ നയം: സ്റ്റാഫ് ഫിക്സേഷനിലെ അപാകതകൾ പരിഹരിക്കണം: അഡ്വ കരിംചേലേരി"
english_title: "Adv. Kareem Cheleri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375597/adv-kareem-cheleri"
published_at: "2026-07-30T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b55412d5dc_1000742251.jpg"
keywords: []
---

# അറബി ഭാഷയോടുള്ള ചിറ്റമ്മ നയം: സ്റ്റാഫ് ഫിക്സേഷനിലെ അപാകതകൾ പരിഹരിക്കണം: അഡ്വ കരിംചേലേരി

> **Lead Summary:** **കണ്ണൂർ: **2026 - 27 അധ്യായന വർഷത്തെ തസ്തിക നിർണയ ഉത്തരവ് 2026 ജൂലൈ 15 പ്രാബല്യ തീയതി വെച്ച് വിദ്യാഭ്യാസ ഓഫീസർമാർ പുറത്തിറക്കിയപ്പോൾ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഗുരുതരമായ ചില അപാകതകൾ സംഭവിച്ചതായും ആയത് അടിയന്തരമായി പരിഹരിക്കണമെന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **2026 - 27 അധ്യായന വർഷത്തെ തസ്തിക നിർണയ ഉത്തരവ് 2026 ജൂലൈ 15 പ്രാബല്യ തീയതി വെച്ച് വിദ്യാഭ്യാസ ഓഫീസർമാർ പുറത്തിറക്കിയപ്പോൾ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഗുരുതരമായ ചില അപാകതകൾ സംഭവിച്ചതായും ആയത് അടിയന്തരമായി പരിഹരിക്കണമെന്ന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.

 കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എന്നിവർ ഈ വർഷം പുറത്തിറക്കിയ തസ്തിക നിർണ്ണയ ഉത്തരവുകളിൽ വ്യാപകമായ പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്.

 കഴിഞ്ഞ അധ്യയന വർഷം എൽപി വിഭാഗം അറബിക് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് നൽകിയിരുന്ന യുപി വിഭാഗം ഫുൾടൈം അധ്യാപക തസ്തിക ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെടിച്ചേരി ദേശമിത്രം യുപി സ്കൂൾ , പെരിന്തലേരി എ യുപി സ്കൂൾ എന്നിവിടങ്ങളിലെ എൽ പി വിഭാഗം വിദ്യാർത്ഥികളുടെ എണ്ണം പരിഗണിക്കാതെ നിലവിലുള്ള യുപി വിഭാഗം ഫുൾടൈം തസ്തിക പാർട്ട് ടൈം തസ്തികയായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

 ഒരു വിദ്യാലയത്തിൽ നാല് ഭാഷ ഡിവിഷനുകൾ ഉണ്ടെങ്കിൽ ഭാഷാ തസ്തിക ഫുൾടൈം തസ്തികയായിട്ടാണ് അനുവദിക്കേണ്ടത്. കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഈ വ്യവസ്ഥ ലംഘിച്ചു കൊണ്ടാണ് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ , അരോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അനുവദിച്ചുകിട്ടേണ്ട ഹൈസ്കൂൾ വിഭാഗം ഫുൾടൈം അറബിക് തസ്തിക പാർട്ട് ടൈം തസ്തികയായി അനുവദിച്ചിട്ടുള്ളത്.  

 കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു ഭാഷ അധ്യാപകന് ഒരാഴ്ചയിൽ അനുവദിക്കാവുന്ന പരമാവധി പീരിയഡ് 28 ആണ്. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഭാഷാ വിഷയങ്ങൾക്ക് ആഴ്ചയിൽ നാല് പിരീഡാണ് അനുവദിക്കുന്നത് , അതനുസരിച്ച് ഒരു ഫുൾടൈം ഭാഷ അധ്യാപകൻ പരമാവധി 7 ക്ലാസ്സിൽ മാത്രമേ പഠിപ്പിക്കേണ്ടി വരികയുള്ളൂ . എന്നിരിക്കെ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധികാരപരിധിയിലുള്ള പെരളശ്ശേരി എകെജി മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 13 അറബിക് ഡിവിഷനുകൾ ഉണ്ടായിരിക്കെ കഴിഞ്ഞവർഷം ഹൈസ്കൂൾ വിഭാഗത്തിൽഅനുവദിച്ചിരുന്ന രണ്ട് തസ്തികയിൽ നിന്നും ഒന്ന് വെട്ടിച്ചുരിക്കി ഈ വർഷം ആ വിദ്യാലയത്തിൽ ഒരു തസ്തിക മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

 ഇത്തരത്തിൽ മതിയായ ഡിവിഷനുകൾ ഉണ്ടായിട്ടും അർഹമായ തസ്തികകൾ അനുവദിക്കാതിരിക്കുന്നതിലൂടെ വിദ്യാഭ്യാസ അവകാശ നിയമമാണ് ലംഘിക്കപ്പെടുന്നത്.

 കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും , കുട്ടിയുടെ പഠനാവസരം നിഷേധിക്കുന്നതിലൂടെ അറബിക് ഭാഷ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാനും , ജോലിചെയ്യുന്ന അധ്യാപകർക്ക് അർഹമായ വേതനം ലഭിക്കാതിരിക്കാനും ഇത്തരം നടപടികൾ കാരണമാകുന്നു.

അറബി ഭാഷാ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടി നാലര പതിറ്റാണ്ടു മുമ്പ് നായനാർ സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങളെ ചെറുത്തുതോല്പിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ഭാഷാ സമര രക്തസാക്ഷിത്വത്തിൻ്റെ വീര സ്‌മരണ പുതുക്കുന്ന ഈ ഘട്ടത്തിൽ അറബി ഭാഷയോടുള്ള ചിറ്റമ്മ നയം മനസ്സിൽ സൂക്ഷിക്കുന്ന ഉദ്യോഗ സ്‌ഥ ലോബിയുടെ കുത്സിത ശ്രമങ്ങൾ ചെറുത്തുതോല്പിക്കണമെന്ന് കരിംചേലേരി പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375597/adv-kareem-cheleri)