---
title: "ദേശീയപാതയിലെ ക്രമീകരണങ്ങൾ വ്യാപാരമേഖലയെ തകർക്കുന്നു; അടിയന്തര പരിഹാരം വേണമെന്ന് അഡ്വ. കരീം ചേലേരി "
english_title: "National Highway arrangements are crippling the business sector; Adv. Kareem Cheleri calls for an urgent solution."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/375915/national-highway-arrangements-are-crippling-the-business-sector-adv-kareem-cheleri-calls-for-an-urgent-solution"
published_at: "2026-08-01T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d88bc6d341_1000742251.jpg"
keywords: []
---

# ദേശീയപാതയിലെ ക്രമീകരണങ്ങൾ വ്യാപാരമേഖലയെ തകർക്കുന്നു; അടിയന്തര പരിഹാരം വേണമെന്ന് അഡ്വ. കരീം ചേലേരി 

> **Lead Summary:** **കണ്ണൂർ: **പുതിയതെരു ദേശീയപാതയിൽ നിലവിലെ റോഡ്, ട്രാഫിക് ക്രമീകരണങ്ങൾ മൂലം വ്യാപാരമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു .

## Article Content

**കണ്ണൂർ: **പുതിയതെരു ദേശീയപാതയിൽ നിലവിലെ റോഡ്, ട്രാഫിക് ക്രമീകരണങ്ങൾ മൂലം വ്യാപാരമേഖല നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു .

ദേശീയപാതയിൽ പുതിയതെരു ടൗണിൽ നടപ്പിലാക്കിയ ചില ക്രമീകരണങ്ങൾ പ്രദേശത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും ഉപഭോക്താക്കളുടെ എത്തിച്ചേരൽ കുറയുകയും വ്യാപാരം കുത്തനെ ഇടിയുകയും ചെയ്തതായും കളക്ർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം റോഡിന്റെ തകർച്ച, അപകടസാധ്യത വർധിപ്പിക്കുന്ന ട്രാഫിക് സംവിധാനം, ശാസ്ത്രീയമല്ലാത്ത ഡിവൈഡർ ക്രമീകരണങ്ങൾ എന്നിവ വ്യാപാരത്തിനും പൊതുജീവിതത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണെന്നും പരാതിപ്പെട്ടു.

വികസന പദ്ധതികൾ ജനങ്ങളുടെ ഉപജീവനത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ആഘാതമുണ്ടാക്കുന്ന രീതിയിലാകരുതെന്നും, വ്യാപാരികളുടെ ആശങ്കകൾ പരിഗണിച്ച് ദേശീയപാത അതോറിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി വ്യാപാര സംരക്ഷണവും റോഡ് സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന ശാശ്വത പരിഹാരം നടപ്പാക്കണമെന്നും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ, പരാതിക്കാരുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര അവലോകനയോഗം വിളിച്ചുചേർത്ത് സമയബന്ധിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും, വ്യാപാരമേഖലയുടെ നിലനിൽപ്പിനെയും ജനങ്ങളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്ന ആവശ്യമാണ് കളക്ർക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യമുന്നയിച്ചത്.

പുതിയതെരുവും കാൽടെക്സും ഉൾപ്പെടെ നഗരത്തിൻ്റെ പ്രധാന മേഖലകളിൽ തിരുവനന്തപുരത്തെ വെള്ളയമ്പലം മോഡലിൽ ഡിവൈഡറുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/375915/national-highway-arrangements-are-crippling-the-business-sector-adv-kareem-cheleri-calls-for-an-urgent-solution)