---
title: "ബക്കളത്ത് രൂക്ഷമായ വെള്ളക്കെട്ട്: സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു, ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി"
english_title: "Severe waterlogging at Bakalam : Traffic disrupted on the service road; two-wheelers stranded in the water."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376002/severe-waterlogging-at-bakalam-traffic-disrupted-on-the-service-road-two-wheelers-stranded-in-the-water"
published_at: "2026-08-01T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc8b7c8caa_1000747277.jpg"
keywords: []
---

# ബക്കളത്ത് രൂക്ഷമായ വെള്ളക്കെട്ട്: സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു, ഇരുചക്ര വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി

> **Lead Summary:** **ബക്കളം: **കനത്ത മഴയെ തുടർന്ന് ദേശീയപാതയുടെ സർവീസ് റോഡിൽ ബക്കളം പാർത്ത കൺവെൻഷൻ സെന്ററിന് മുൻവശത്ത് ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്ന ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലുണ്ടായ വെള്ളക്കെട്ട് ഇതിലൂടെയുള്ള വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. മെയിൻ റോഡിലെ വെള്ളം പൈപ്പിലൂടെ എത്തുന്നത് സർവീസ് റോഡിലേക്കാണ്. കൂടാതെ സർവീസ് റോഡിൽ നിർമിച്ച ഓവു ചാലിലെ വെള്ളം കൂടിച്ചേർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്.

## Article Content

**ബക്കളം: **കനത്ത മഴയെ തുടർന്ന് ദേശീയപാതയുടെ സർവീസ് റോഡിൽ ബക്കളം പാർത്ത കൺവെൻഷൻ സെന്ററിന് മുൻവശത്ത് ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്ന ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലുണ്ടായ വെള്ളക്കെട്ട് ഇതിലൂടെയുള്ള വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. മെയിൻ റോഡിലെ വെള്ളം പൈപ്പിലൂടെ എത്തുന്നത് സർവീസ് റോഡിലേക്കാണ്. കൂടാതെ സർവീസ് റോഡിൽ നിർമിച്ച ഓവു ചാലിലെ വെള്ളം കൂടിച്ചേർന്നാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്.

മഴവെള്ളം റോഡിൽ കെട്ടിക്കിടന്നതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. ചില യാത്രക്കാർ വാഹനങ്ങൾ തള്ളിനീക്കി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കേണ്ട സാഹചര്യമുണ്ടായി. റോഡിന്റെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായതിനാൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെയാണ് കടന്നുപോയത്. ഇതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

 മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളക്കെട്ട് പതിവായി അനുഭവപ്പെടുന്നതായും, നിർമാണത്തോടനുബന്ധിച്ച് ഫലപ്രദമായ മഴവെള്ള നിർഗമന സംവിധാനം ഒരുക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും നിർമാണം നടക്കുന്ന ഭാഗങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ ഈ ഭാഗത്തുകൂടി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376002/severe-waterlogging-at-bakalam-traffic-disrupted-on-the-service-road-two-wheelers-stranded-in-the-water)