---
title: ""ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി. ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കാം,": സൽക്കാര വിവാദത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ "
english_title: "am-i-not-supposed-to-eat-what-a-terrible-mistake-i-atei-committed-a-blunder-from-now-on-i-shall-simply-not-eat-vd-satheesan-mocks-the-controversy-surrounding-the-banquet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376395/am-i-not-supposed-to-eat-what-a-terrible-mistake-i-atei-committed-a-blunder-from-now-on-i-shall-simply-not-eat-vd-satheesan-mocks-the-controversy-surrounding-the-banquet"
published_at: "2026-08-03T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7070b7a0cca_1000752813.jpg"
keywords: []
---

# "ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി. ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കാം,": സൽക്കാര വിവാദത്തിൽ പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. ഹീനമായ അപവാദപ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. ഹീനമായ അപവാദപ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

താൻ ഒരു സൽക്കാരത്തിനും പോയിട്ടില്ലെന്നും അന്ന് ഭക്ഷണം കഴിച്ചത് വെറുതെ പറ്റിപ്പോയതാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

> "അന്ന് രാവിലെ അഞ്ച് മണി മുതൽ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയുടെ ചാർജുള്ള മന്ത്രിമാരെയും കളക്ടർമാരെയും എംഎൽഎമാരെയും ഞാൻ ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാൻ ചോദിച്ചു. ഇല്ലെന്ന് അവർ പറഞ്ഞു. മൂന്ന് മണിയായപ്പോൾ ഞാൻ ഭക്ഷണം കഴിച്ചുപോയി," മുഖ്യമന്ത്രി പറഞ്ഞു.

> 2018ലും 2019ലും സംസ്ഥാനത്ത് പ്രളയദുരന്തമുണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. അപവാദ പ്രചാരണമാണ് നടക്കുന്നത്.

> ഞാൻ ഭക്ഷണം കഴിക്കാൻ പാടില്ലേ, എന്തൊരു തെറ്റാണ്. ഭക്ഷണം കഴിച്ചു, തെറ്റ് പറ്റിപ്പോയി. ഇനി മുതൽ ഭക്ഷണം കഴിക്കാതിരിക്കാം," എന്ന് മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു.

ദുരന്ത സമയത്ത് മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തു എന്ന തരത്തിലാണ് ചില കേന്ദ്രങ്ങൾ പ്രചരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. താൻ യാതൊരു സൽക്കാരത്തിനും പോയിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങൾക്കൊപ്പം തന്നെയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാദങ്ങളിൽ തളരാതെ സർക്കാർ ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ സെക്രട്ടറി യോ​ഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നു.

മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 ഹെക്ടറിൽ കൃഷിനാശമുണ്ടായി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376395/am-i-not-supposed-to-eat-what-a-terrible-mistake-i-atei-committed-a-blunder-from-now-on-i-shall-simply-not-eat-vd-satheesan-mocks-the-controversy-surrounding-the-banquet)