---
title: "കരിമ്പം, ഹിലാൽ നഗറിൽ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ"
english_title: " The Municipality must abandon its move to set up a stray dog ​​center at Hilal Nagar, Karimbam: SDPI"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/376739/the-municipality-must-abandon-its-move-to-set-up-a-stray-dog-center-at-hilal-nagar-karimbam-sdpi"
published_at: "2026-08-05T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72cbd2dbed9_1000757251.jpg"
keywords: []
---

# കരിമ്പം, ഹിലാൽ നഗറിൽ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

> **Lead Summary:** കരിമ്പം: തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടിച്ച് പാർപ്പിക്കാനായി കരിമ്പം മേഖലയെ തെരഞ്ഞെടുത്ത നീക്കം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എസ്.ഡി.പി.ഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

കരിമ്പം: തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടിച്ച് പാർപ്പിക്കാനായി കരിമ്പം മേഖലയെ തെരഞ്ഞെടുത്ത നീക്കം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എസ്.ഡി.പി.ഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റി പ്രസ്താവിച്ചു.

നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖല എന്നതിന് പുറമെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവൺമെന്റ് ആശുപത്രിയും സ്ഥിതി ചെയ്യുന്ന സുപ്രധാന മേഖലയാണ് കരിമ്പം. ദിനംപ്രതി ആയിരക്കണക്കിന് വിദ്യാർത്ഥികളും രോഗികളും യാത്ര ചെയ്യുന്ന ഇവിടെ തെരുവുനായ കേന്ദ്രം വരുന്നത് വഴി നടന്നുപോകുന്ന കുട്ടികൾക്കും പ്രായമായവർക്കും വലിയ ജീവഭീഷണിയുയർത്തും.

കൂടാതെ, പേവിഷബാധ ഉൾപ്പെടെയുള്ള രോഗപകർച്ചാ ഭീഷണി, മാലിന്യപ്രശ്നങ്ങൾ, കടുത്ത ദുർഗന്ധം, നായ്ക്കളുടെ ബഹളം മൂലമുള്ള സമാധാനഭംഗം എന്നിവ പ്രദേശവാസികളുടെ ജനജീവിതവും വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷവും പൂർണ്ണമായും തകർക്കും.

തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെങ്കിലും, ജനവാസ-വിദ്യാഭ്യാസ-ചികിത്സാ മേഖലകളെ ഒഴിവാക്കി അനുയോജ്യമായ മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേണം നഗരസഭ പദ്ധതി നടപ്പിലാക്കാൻ. ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന ഈ നീക്കത്തിൽ നിന്ന് നഗരസഭ ഉടനടി പിന്മാറണമെന്നും, അല്ലാത്തപക്ഷം നാട്ടുകാരെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും ബ്രാഞ്ച് കമ്മിറ്റി വ്യക്തമാക്കി.

യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് അസ്ലം എൻ.വി, സെക്രട്ടറി സാലിഹ് കരിമ്പം, ഭാരവാഹികളായ ഷക്കീർ വി.എം, ഇർഷാദ് സി,സുഹൈൽ എം, എൻ.വി സലാം, ജാഫർ മുല്ല, റഹീം വിഎം, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/376739/the-municipality-must-abandon-its-move-to-set-up-a-stray-dog-center-at-hilal-nagar-karimbam-sdpi)