---
title: ""പിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക്": ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്"
english_title: "Arjun Ayankki Booked Again For Threatening Kochi Police On Instagram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377083/arjun-ayankki-threat-police-case-kochi-instagram"
published_at: "2026-08-06T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7478d45dd96_1000761315.jpg"
keywords: ["Arjun Ayankki", "Kochi Crime", "Kerala Police", "Instagram Threat", "Kothamangalam Case", "Criminal Case"]
---

# "പിടിക്കാൻ പറ്റുമെങ്കിൽ പിടിക്ക്": ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

> **Lead Summary:** കൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും വെല്ലുവിളിച്ചതിനുമാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.

## Article Content

കൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്. ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും വെല്ലുവിളിച്ചതിനുമാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.

ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയതിനാണ് പുതിയ നടപടി. നേരത്തെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്‍റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണിയും വെല്ലുവിളിയും ഉണ്ടായത്.

ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി.

> "ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചേ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ. പറ്റുമെങ്കിൽ പിടിക്കാനും" എന്ന് ഇൻസ്റ്റഗ്രാം വഴി അദ്ദേഹം പറഞ്ഞു.

കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഭീഷണി ശ്രദ്ധയിൽപ്പെട്ടതായും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3ന് റിസോർട്ടിൽ പാർട്ടി നടത്തി കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സിഐക്കെതിരെ ഫേസ്ബുക്ക് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377083/arjun-ayankki-threat-police-case-kochi-instagram)