---
title: "വളപട്ടണത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടിസ്"
english_title: "Kannur Woman Suicide Case: Lookout Notice Issued Against Husband Asif"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377221/kannur-valapattanam-woman-suicide-husband-lookout-notice"
published_at: "2026-08-07T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7586b9111e9_1000763188.png"
keywords: ["Valapattanam", "Woman Suicide", "Dowry Harassment", "Lookout Notice", "Asif", "Kerala Police"]
---

# വളപട്ടണത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവ് ആസിഫിനായി ലുക്കൗട്ട് നോട്ടിസ്

> **Lead Summary:** കണ്ണൂർ: വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

## Article Content

കണ്ണൂർ: വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

പൊയ്തുംകടവ് സ്വദേശി ഫാത്തിമത്ത് റിസയാണ് കഴിഞ്ഞ ജൂൺ 28 ന് വീട്ടിൽ ജീവനൊടുക്കിയത്. റിസയുടെ ഭർത്താവ് മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിനെയാണ് (29) കേസിൽ പ്രതിയാക്കിയത്. ആസിഫ് ദുബായിലേക്ക് കടന്നതായാണ് പൊലീസിന്റെ സംശയം.

റിസയുടെ മരണത്തിന് ഭർത്താവിന്റെ പീഡനം കാരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവാഹ ശേഷം വിദേശത്ത് വെച്ച് ആസിഫിന്റെ മയക്കുമരുന്ന് ഉപയോഗം റിസ ചോദ്യം ചെയ്തപ്പോൾ അതിക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായി കൂട്ടുകാരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ജീവനൊടുക്കുന്നതിന് മുൻപ് ഭർത്താവിൽ നിന്നുണ്ടായ പീഡന വിവരങ്ങൾ റിസ ഉറ്റസുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിലും ശബ്ദ സന്ദേശത്തിലും പങ്കുവച്ചിരുന്നു. ഭർത്താവിന്റെ ക്രൂരതകൾ പുറത്തറിയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

ഈ വർഷം ജനുവരി 8 നായിരുന്നു റിസയുടെയും ആസിഫിന്റെയും വിവാഹം.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പൊലീസ്, റിസ എഴുതിയ കുറിപ്പും ശബ്ദ സന്ദേശങ്ങളും പരിശോധിച്ച ശേഷം പ്രേരണകുറ്റത്തിനും ഭർതൃപീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തു. റിസയുടെ മരണ വിവരമറിഞ്ഞ് നാട്ടിലെത്തിയ ആസിഫ്, ദിവസങ്ങൾക്കുള്ളിൽ വീണ്ടും വിദേശത്തേക്ക് പോയി.

ഇതിനിടെ യുഎഇയിലെ എയർപോർട്ടിൽ ജോലി ചെയ്യുന്ന പ്രതിയെ പിടികൂടുന്നതിന് ഇന്റർപോളിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടും പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377221/kannur-valapattanam-woman-suicide-husband-lookout-notice)