---
title: "ചെമ്പേരിയിലും അയ്യൻകുന്നിലും റെക്കോർഡ് മഴ; ഉദയഗിരിയിൽ ഉരുൾപൊട്ടൽ, 13 പേരെ ക്യാമ്പിലേക്ക് മാറ്റി "
english_title: "Record Rainfall in Chemperi and Ayyankunnu - Landslide in Udayagiri, 13 Shifted to Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377342/kannur-record-rain-chemperi-ayyankunnu-landslide-udayagiri"
published_at: "2026-08-07T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75ff4a9cff8_1000764770.png"
keywords: ["Kannur Rain", "Red Alert", "Chemperi", "Ayyankunnu", "Udayagiri Landslide", "Kerala Flood"]
---

# ചെമ്പേരിയിലും അയ്യൻകുന്നിലും റെക്കോർഡ് മഴ; ഉദയഗിരിയിൽ ഉരുൾപൊട്ടൽ, 13 പേരെ ക്യാമ്പിലേക്ക് മാറ്റി 

> **Lead Summary:** കണ്ണൂർ: വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ ചെമ്പേരിയിലും അയ്യൻകുന്നിലും റെക്കോർഡ് മഴ രേഖപ്പെടുത്തി.

## Article Content

കണ്ണൂർ: വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച കണ്ണൂർ ജില്ലയിൽ ചെമ്പേരിയിലും അയ്യൻകുന്നിലും റെക്കോർഡ് മഴ രേഖപ്പെടുത്തി.

രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയുള്ള 7 മണിക്കൂറിൽ ചെമ്പേരിയിൽ 96 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ആ സമയത്ത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മഴയായിരുന്നു ഇത്. തൊട്ടുപിന്നിൽ അയ്യൻകുന്നിൽ 88 മില്ലിമീറ്ററും ലഭിച്ചു. അയ്യൻകുന്നിൽ പുലർച്ചെയും കനത്ത മഴയുണ്ടായി.

ആറളം, കെ.വി.കെ പന്നിയൂർ, പെരിങ്ങോം, പിണറായി, ചെറുവാഞ്ചേരി എന്നിവിടങ്ങളിലും കനത്ത മഴ കിട്ടി.

ഉദയഗിരിയിൽ ഉരുൾപൊട്ടൽ

തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി വില്ലേജിലെ താബോർ താളിപ്പാറ മേഖലയിൽ നേരിയ ഉരുൾപൊട്ടലുണ്ടായി. ഓഗസ്റ്റ് 1ന് ഉരുൾപൊട്ടിയ അതേ ഭാഗത്താണ് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും മണ്ണിടിഞ്ഞത്. മുൻകരുതലായി സമീപവാസികളെ ഉടൻ താബോർ സ്കൂളിലേക്ക് മാറ്റി.

തളിപ്പറമ്പ് തഹസിൽദാർ പി. സജീവന്റെ നേതൃത്വത്തിൽ താബോർ സെന്റ് ജോസഫ് പള്ളിയിൽ താൽക്കാലിക ക്യാമ്പ് ആരംഭിച്ചു. 4 കുടുംബങ്ങളിലെ 13 പേരെയാണ് ഇവിടേക്ക് മാറ്റിയത്. ഇവർ ഉൾപ്പെടെ ജില്ലയിൽ 3 ക്യാമ്പുകളിലായി 50 പേരുണ്ട്.

*നാശനഷ്ടങ്ങൾ*

1. തലശ്ശേരി വാടിക്കകം മുഹമ്മദ് ഷറഫുദ്ദീന്റെ വീടിന് മുകളിൽ തേക്ക്, മഹാഗണി മരങ്ങൾ വീണ് ഭാഗിക നാശം

2. ചെറുവാഞ്ചേരി കല്ലുവളപ്പ് ശോഭയുടെ വീടിന് ഭാഗിക നാശം

3. കോളയാട്, കറ്റിയാട് ബിജു പി.സിയെയും കുടുംബത്തെയും വെള്ളം കയറിയതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറ്റി

4. വെള്ളർവള്ളി വില്ലേജ് തൊണ്ടിയിൽ പാനിക്കുളം ബിജുവിന്റെ വീട് ഭാഗികമായി തകർന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377342/kannur-record-rain-chemperi-ayyankunnu-landslide-udayagiri)