---
title: "പാമ്പുരുത്തി സ്റ്റോപ്പിൽ ബസ്സുകൾ നിർത്തുന്നില്ല; വിദ്യാർത്ഥികളുടെ പഠനം മുടങ്ങൽ പതിവാകുന്നു, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികൾ പോലീസിൽ പരാതി നൽകി"
english_title: "Buses Skip Pampuruthi Stop, Students Face Hardship in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377703/buses-skip-pampuruthi-stop-students-face-hardship-in-kannur"
published_at: "2026-08-10T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7964554f65d_1000770100.jpg"
keywords: ["Pampuruthi Bus Stop", "Kannur Transport", "Student Problem", "Mayyil Police"]
---

# പാമ്പുരുത്തി സ്റ്റോപ്പിൽ ബസ്സുകൾ നിർത്തുന്നില്ല; വിദ്യാർത്ഥികളുടെ പഠനം മുടങ്ങൽ പതിവാകുന്നു, അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികൾ പോലീസിൽ പരാതി നൽകി

> **Lead Summary:** **പാമ്പുരുത്തി: **മയ്യിൽ–കമ്പിൽ–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ പാമ്പുരുത്തി റോഡ് ബസ്‌സ്റ്റോപ്പിൽ നിർത്താത്തത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു.

## Article Content

**പാമ്പുരുത്തി: **മയ്യിൽ–കമ്പിൽ–കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ പാമ്പുരുത്തി റോഡ് ബസ്‌സ്റ്റോപ്പിൽ നിർത്താത്തത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വലിയ ദുരിതമാകുന്നു.

പ്രത്യേകിച്ച് രാവിലെ 8 മണി മുതൽ 10 മണി വരെ കമ്പിൽ, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് സ്റ്റോപ്പിൽ നിർത്താതെ കടന്നുപോകുന്നത്. ഇതുമൂലം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന നൂറോളം വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് ക്ലാസുകളിൽ എത്താൻ കഴിയുന്നില്ല. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്ന സാധാരണക്കാരും ദിവസവും പ്രയാസപ്പെടുന്നുണ്ട്.

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

പാമ്പുരുത്തി വാർഡ് മെമ്പർ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ നേരത്തെയും പലതവണ പരാതി നൽകിയിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

പ്രതിഷേധം ഉയരുന്ന സമയത്ത് മാത്രം ചില ബസുകൾ സ്റ്റോപ്പിൽ നിർത്തുന്നുണ്ടെന്നും എന്നാൽ ശാശ്വത പരിഹാരമില്ലാത്തതിനാൽ പ്രശ്നം ആവർത്തിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും ശാശ്വത പരിഹാരം കാണുമെന്നും മയ്യിൽ പോലീസ് ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നസീർ പി.കെ.പി., പാമ്പുരുത്തി വാർഡ് മെമ്പർ കെ.സി. ഫാസിൽ എന്നിവർ പരാതി നൽകിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377703/buses-skip-pampuruthi-stop-students-face-hardship-in-kannur)