---
title: "ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ 5 ദിവസം മഴയും ശക്തമായ കാറ്റും"
english_title: "Low Pressure in Bay of Bengal, Rain Alert for Kerala from Aug 10 to 14"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377787/kerala-weather-alert-low-pressure-bay-of-bengal-aug-2026"
published_at: "2026-08-10T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79a2abf13cf_1000675154.jpg"
keywords: ["Kerala Weather", "Bay of Bengal Low Pressure", "Rain Alert", "Coastal Warning", "IMD"]
---

# ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ 5 ദിവസം മഴയും ശക്തമായ കാറ്റും

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. മധ്യപ്രദേശിന് മുകളിലായി നിലവിൽ മറ്റൊരു ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്.

*സംസ്ഥാനത്ത് മഴ സാധ്യത*  

2026 ആഗസ്റ്റ് 10 മുതൽ 14 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 3 മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

*കടലാക്രമണ ജാഗ്രത*  

കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ 4 ജില്ലകളിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിൽ 1.0 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാം.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377787/kerala-weather-alert-low-pressure-bay-of-bengal-aug-2026)