---
title: "കർഷക സംഘം കണ്ണൂർ ജില്ലാ സമ്മേളനം ഓഗസ്റ്റ് 12ന് പിണറായിയിൽ; സമാപനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും"
english_title: "Karshaka Sangham Kannur District Conference Starts on Aug 12 at Pinarayi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/377820/karshaka-sangham-kannur-district-conference-pinarayi-aug-2026"
published_at: "2026-08-10T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79c6d359187_1000771374.jpg"
keywords: ["Karshaka Sangham", "Kannur Conference", "Pinarayi", "KN Balagopal", "Pinarayi Vijayan"]
---

# കർഷക സംഘം കണ്ണൂർ ജില്ലാ സമ്മേളനം ഓഗസ്റ്റ് 12ന് പിണറായിയിൽ; സമാപനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:** കണ്ണൂർ: അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കർഷക സംഘം കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 12, 13, 14 തീയതികളിൽ പിണറായി കൺവെൻഷൻ സെന്ററിൽ നടക്കും.

## Article Content

കണ്ണൂർ: അഖിലേന്ത്യ കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കർഷക സംഘം കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്റ്റ് 12, 13, 14 തീയതികളിൽ പിണറായി കൺവെൻഷൻ സെന്ററിൽ നടക്കും.

ജില്ലാ സെക്രട്ടറി എം. പ്രകാശൻ മാസ്റ്ററാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ അടിസ്ഥാന രാഷ്ട്രീയ ഘടന തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രകാശൻ മാസ്റ്റർ കുറ്റപ്പെടുത്തി. പാർലമെന്ററി സംവിധാനം, ഭരണഘടന, ഫെഡറലിസം, മതനിരപേക്ഷത എന്നിവയുടെ കടയ്ക്കൽ കത്തിവെക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കർഷക വിരുദ്ധ ജനവിരുദ്ധ നയങ്ങൾ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഭരണം മുൻകാലങ്ങളിൽ ജനവിരുദ്ധമായിരുന്നുവെങ്കിൽ അതിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തേതെന്നും മൂന്ന് മാസം കൊണ്ട് അത് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം കാവുമ്പായി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും, പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും, ദീപശിഖ തില്ലങ്കേരി രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നുമാണ് കൊണ്ടുവരുന്നത്.

ആഗസ്റ്റ് 12ന് വൈകുന്നേരം 5 മണിക്ക് പിണറായി ഡോക്ടർ മുക്കിൽ പതാക - കൊടിമര - ദീപശിഖാ ജാഥകൾ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും.

ആഗസ്റ്റ് 13ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മികച്ച 18 കൃഷിക്കാരെ ആദരിക്കും.

ആഗസ്റ്റ് 14ന് വൈകുന്നേരം 4ന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി. ഗോവിന്ദൻ, ചെയർമാൻ കെ. ശശിധരൻ, കൺവീനർമാരായ എം. മോഹനൻ, ടി. സുധീർ, എം.സി. പവിത്രൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/377820/karshaka-sangham-kannur-district-conference-pinarayi-aug-2026)