---
title: "ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം: പക്ഷാഘാതം കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം"
english_title: "Chokli Health Inspector Deepa Lekha Dies of Stroke, NGO Union Alleges Mental Stress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378031/chokli-health-inspector-deepa-lekha-death-stroke-ngo"
published_at: "2026-08-11T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b38708838e_1000774501.jpg"
keywords: ["Deepa Lekha", "Chokli", "Health Inspector", "Stroke", "NGO Union"]
---

# ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം: പക്ഷാഘാതം കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം

> **Lead Summary:** **കണ്ണൂർ:** ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

## Article Content

**കണ്ണൂർ:** ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പോലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്.

ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. ഇതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ ഇന്നലെ ഉച്ചക്ക് 12.45ന് ചൊക്ലി പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞ് വീഴുകയായിരുന്നു.

6 മാസം മുമ്പ് മാത്രമാണ് ദീപ ചൊക്ലിയിലെത്തിയത്. രണ്ടാഴ്ച മുമ്പ് മട്ടന്നൂരിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വാഹനാപകടത്തിലെ പരുക്ക് ചൂണ്ടിക്കാട്ടി അത് റദ്ദാക്കിയിരുന്നു. പിന്നീടാണ് പിണറായിയിലേക്ക് മാറ്റിയത്.

> സ്ഥലം മാറ്റത്തിലെ മാനസിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് എൻജിഒ യൂണിയന്റെ ആരോപണം. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. "ദീപ ലേഖയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണം" എന്ന പ്ലക്കാർഡുമായാണ് യൂണിയൻ പ്രവർത്തകർ എത്തിയത്.

ദീപ ലേഖയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378031/chokli-health-inspector-deepa-lekha-death-stroke-ngo)