---
title: "ഉസ്താദുൽ ശൈഖുനാ പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ആഗസ്റ്റ് 14, 15, 16 തിയ്യതികളിൽ പാപ്പിനിശ്ശേരിയിൽ"
english_title: "PKP Ustad 5th Urs Mubarak to Be Held in Pappinisseri from August 14 to 16"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378358/pkp-ustad-5th-urs-mubarak-to-be-held-in-pappinisseri-from-august-14-to-16"
published_at: "2026-08-13T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dae9c30c78_simple-card.jpg"
keywords: ["PKP Ustad", "PKP Ustad Urs", "5th Urs Mubarak", "Pappinisseri", "Urs Mubarak", "Kerala Islamic Events", "Islamic Events Kerala", "Religious Events Kerala", "Pappinisseri News", "Kerala Muslim News"]
---

# ഉസ്താദുൽ ശൈഖുനാ പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ആഗസ്റ്റ് 14, 15, 16 തിയ്യതികളിൽ പാപ്പിനിശ്ശേരിയിൽ

> **Lead Summary:** കണ്ണൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്, സമസ്ത കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡണ്ട്, ജാമിഅ അസ്‌അദിയ്യ ഇസ്ലാമിയ്യ പ്രിൻസിപ്പൽ തുടങ്ങി ഒട്ടനവധി പദവികൾ വഹിച്ച് നിരവധി പണ്ഡിതൻമാരെ വാർത്തെടുത്ത ഉസ്താദുൽ ശൈഖുനാ പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ആഗസ്റ്റ് 14, 15, 16 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് കേന്ദ്ര മദ്രസ ക്യാമ്പസിൽ വിവിധ പരിപാടികളോടെയാണ് ഉറൂസ് സംഘടിപ്പിക്കുന്നത്.

## Article Content

കണ്ണൂർ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്, സമസ്ത കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡണ്ട്, ജാമിഅ അസ്‌അദിയ്യ ഇസ്ലാമിയ്യ പ്രിൻസിപ്പൽ തുടങ്ങി ഒട്ടനവധി പദവികൾ വഹിച്ച് നിരവധി പണ്ഡിതൻമാരെ വാർത്തെടുത്ത ഉസ്താദുൽ ശൈഖുനാ പി.കെ.പി ഉസ്താദിന്റെ അഞ്ചാം ഉറൂസ് മുബാറക് ആഗസ്റ്റ് 14, 15, 16 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് കേന്ദ്ര മദ്രസ ക്യാമ്പസിൽ വിവിധ പരിപാടികളോടെയാണ് ഉറൂസ് സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 14: വൈകുന്നേരം 5:30-ന് അസ്‌അദിയ്യ ക്യാമ്പസിൽ നിന്ന് മഖാം പരിസരത്തേക്ക് വിളംബര ജാഥ നടക്കും. തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് ജൗഹറലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. അസ്‌അദിയ്യ ജനറൽ സെക്രട്ടറി എസ്.കെ. ഹംസ ഹാജി കൊടിയേറ്റം നിർവഹിക്കും. ഉദ്ഘാടന സമ്മേളനം സയ്യിദ് അൽ മശ്ഹൂർ അസ്ലം തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നിർവഹിക്കും. കണ്ണൂർ ഡെപ്യൂട്ടി മേയർ കെ. താഹിർ മുഖ്യാതിഥിയാകും.

ആഗസ്റ്റ് 15: വൈകുന്നേരം 7 മണിക്ക് നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ ആയിക്കര നേതൃത്വം നൽകും. തുടർന്ന് സ്വലാത്ത് വാർഷികം കെ. മുഹമ്മദ് ശരീഫ് ബാഖവിയുടെ അധ്യക്ഷതയിൽ കോഴിക്കോട് മുഖ്യ ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹാഫിള് അഹ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യ പ്രഭാഷണം നടത്തും.

ആഗസ്റ്റ് 16: രാവിലെ 9 മണിക്ക് മഖാം സിയാറത്തിന് സയ്യിദ് ഷുഹൈബ് തങ്ങൾ നേതൃത്വം നൽകും. സമാപന സമ്മേളനം സമസ്ത പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജാമിഅ അസ്‌അദിയ്യ പ്രസിഡൻ്റ് ശൈഖുനാ പി.പി. ഉമർ മുസ്ലിയാർ അധ്യക്ഷതവഹിക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ സമാപന ദുആ മജ്‌ലിസിന് നേതൃത്വം നൽകും.

പ്രബോധനമേഖലയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അജ്‌മാൻ - കണ്ണൂർ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നൽകിവരുന്ന പി.കെ.പി ഉസ്താദ് സ്മാരക അവാർഡ് സമസ്ത കേന്ദ്ര മുശാവറംഗം കെ. മുഹമ്മദ് ശരീഫ് ബാഖവിക്ക് സമാപനവേദിയിൽ വെച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ കൈമാറും.

വാർത്താ സമ്മേളനത്തിൽ അസ്‌അദിയ്യ രക്ഷാധികാരി സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സ്വാഗത സംഘം ജനറൽ കൺവീനർ കെ. മുഹമ്മദ് ശരീഫ് ബാഖവി, അസ്‌അദിയ്യ സെക്രട്ടറി എ.കെ. അബ്ദുൽ ബാഖി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിദ്ദീഖ് ഫൈസി വെണ്മണൽ, വർക്കിംഗ് കൺവീനർ സി.പി. റഷീദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378358/pkp-ustad-5th-urs-mubarak-to-be-held-in-pappinisseri-from-august-14-to-16)