---
title: "ചാല്‍ ബീച്ചില്‍ സുനാമി മോക് ഡ്രില്‍; 50 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി"
english_title: "Tsunami Mock Drill Conducted at Chal Beach Azhikode"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378404/tsunami-mock-drill-chal-beach-azhikode"
published_at: "2026-08-13T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7df6ff38973_1000779794.jpg"
keywords: ["Tsunami Mock Drill", "Chal Beach", "Azhikode", "Disaster Management"]
---

# ചാല്‍ ബീച്ചില്‍ സുനാമി മോക് ഡ്രില്‍; 50 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

> **Lead Summary:** **കണ്ണൂർ: **സുനാമി പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമായി അഴീക്കോട് ചാല്‍ ബീച്ചില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ: **സുനാമി പ്രതിരോധ തയ്യാറെടുപ്പിന്റെ ഭാഗമായി അഴീക്കോട് ചാല്‍ ബീച്ചില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിച്ചു.

ദുരന്തസാഹചര്യത്തെ നേരിടാന്‍ ജില്ലയുടെ സന്നാഹം വിലയിരുത്തുന്നതിനും കുറവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമാണ് മോക് ഡ്രില്‍ നടത്തിയത്.

രാവിലെ 9.30 ന് സൈറണ്‍ മുഴങ്ങിയതോടെയാണ് മോക് ഡ്രില്‍ ആരംഭിച്ചത്. തീരപ്രദേശത്തെ 50 ഓളം പേരെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. 

ആദ്യഘട്ടത്തില്‍ ഇവരെ സമീപത്തുള്ള ഇ.എം.എസ് മന്ദിരത്തിലേക്കും പിന്നീട് ഗവ. ഓള്‍ഡ് ഏജ് ഹോമിലെ ഷെല്‍ട്ടര്‍ ക്യാമ്പിലേക്കും മാറ്റി. ഗര്‍ഭിണികള്‍, കുട്ടികള്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ആംബുലന്‍സുകളില്‍ എത്തിച്ചു. ആവശ്യക്കാര്‍ക്ക് പ്രാഥമിക ചികിത്സയും നല്‍കി.

സൈറണ്‍ കേട്ടതോടെ അഗ്നിരക്ഷാസേന, പോലീസ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തീരത്ത് എത്തി. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ശേഷം അമ്പതോളം കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള 'റെഡി സുനാമി' മോക് ഡ്രില്‍ ദുരന്ത പ്രതികരണത്തിന്റെ മാതൃകയായി. 

റവന്യു, അഗ്നിരക്ഷാ സേന, പോലീസ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംയുക്തമായി പങ്കെടുത്തു. പ്രദേശവാസികളില്‍ നിന്ന് മികച്ച സഹകരണവും ലഭിച്ചു.

ഉച്ചയ്ക്ക് 12 മണിക്ക് മോക് ഡ്രില്‍ അവസാനിച്ച ശേഷം വിവിധ ഘട്ടങ്ങളുടെ അവലോകനവും വിലയിരുത്തലും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378404/tsunami-mock-drill-chal-beach-azhikode)