---
title: "ധീരജവാൻ പാലങ്ങാട്ട് നാരായണൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി"
english_title: "Veteran Havildar Palangatt Narayanan Nair Funeral Kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/378755/kannapuram-veteran-havildar-narayanan-nair-funeral"
published_at: "2026-08-16T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8148e979ef3_1000786078.jpg"
keywords: ["Kannapuram", "Narayanan Nair", "Indian Army", "Veteran", "Ex Servicemen"]
---

# ധീരജവാൻ പാലങ്ങാട്ട് നാരായണൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി

> **Lead Summary:** **കണ്ണപുരം: **ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനമനുഷ്ഠിച്ച് 94-ാം വയസ്സിൽ വിടവാങ്ങിയ പാലങ്ങാട്ട് നാരായണൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി.

## Article Content

**കണ്ണപുരം: **ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനമനുഷ്ഠിച്ച് 94-ാം വയസ്സിൽ വിടവാങ്ങിയ പാലങ്ങാട്ട് നാരായണൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിലും 1965-ലെയും 1971-ലെയും ഇന്ത്യ-പാകിസ്ഥാൻ യുദ്ധങ്ങളിലും പങ്കെടുത്ത ധീരജവാനാണ് നാരായണൻ നായർ. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട മൂന്ന് പ്രധാന യുദ്ധങ്ങളിലും പങ്കെടുത്ത, ഇന്ന് ജീവിച്ചിരുന്ന അപൂർവം സൈനികരിൽ ഒരാളായിരുന്നു.

സൈനിക ജീവിതത്തിന് ശേഷം കണ്ണപുരത്ത് കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. എക്സ് സർവ്വീസസ് ലീഗ് കണ്ണപുരം യൂണിറ്റിന്റെ രക്ഷാധികാരിയായും പ്രവർത്തിച്ചു. പാലങ്ങാട്ട് തറവാട്ടിലെ കാരണവരായിരുന്നു.

കേരള മൺപാത്രനിർമ്മാണ സമുദായ സഭ സംസ്ഥാന പ്രസിഡൻ്റും കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായ രാജേഷ് പാലങ്ങാട്ട്, എഫ് എൻ പി ഒ സംസ്ഥാന അസി. സെക്രട്ടറിയും ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ദിനു മൊട്ടമ്മൽ എന്നിവരുടെ പിതാവാണ്.  

ഭാര്യ: നാരായണി അമ്മ . മക്കൾ: അനിൽകുമാർ, അനിത സുകുമാരൻ, സുശീൽകുമാർ, രാജേഷ് പാലങ്ങാട്ട്, ദിനു മൊട്ടമ്മൽ.

ഭൗതികശരീരത്തിൽ എക്സ് സർവ്വീസസ് ലീഗിന്റെ പതാക പുതപ്പിച്ച് വിമുക്തഭടന്മാരുടെ ബഹുമതിയോടെയാണ് അന്തിമോപചാരം നൽകിയത്.

മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എംപി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, ടി.കെ. ഗോവിന്ദൻ എംഎൽഎ, സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ, KMSS സംസ്ഥാന ചെയർമാൻ സുബാഷ് ബോസ് ആറ്റുകാൽ തുടങ്ങി നിരവധി പേർ അനുശോചിച്ചു.

ഡിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, എംഎൽഎമാരായ ടി.ഒ. മോഹനൻ, എം. വിജിൻ, കെ.പി.സി.സി അംഗം എം.പി. ഉണ്ണികൃഷ്ണൻ, രജനി രമാനന്ദ് ,എക്സ് സർവ്വീസസ് ലീഗ് ജില്ലാ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നേതാക്കൾ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

സർവ്വകക്ഷി അനുശോചന യോഗത്തിൽ എം. നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.വി. സിദ്ധിഖ്, വി.വി. ലക്ഷ്മണൻ, രാജേഷ് ബക്കളം, പി. വിജയൻ, പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/378755/kannapuram-veteran-havildar-narayanan-nair-funeral)