---
title: "ജില്ലയില്‍ 'ബീക്കണ്‍ ടൗണ്‍' പദ്ധതിക്ക് തുടക്കം: പട്ടണങ്ങള്‍ വൃത്തിയും ഭംഗിയുമുള്ളവയാക്കും"
english_title: "Beacon Town Project Launched District Clean Beautiful Towns"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379013/beacon-town-project-launched-district"
published_at: "2026-08-18T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83dd923e797_1000790183.jpg"
keywords: ["Beacon Town", "Clean City", "District Administration", "Sanitation"]
---

# ജില്ലയില്‍ 'ബീക്കണ്‍ ടൗണ്‍' പദ്ധതിക്ക് തുടക്കം: പട്ടണങ്ങള്‍ വൃത്തിയും ഭംഗിയുമുള്ളവയാക്കും

> **Lead Summary:** **കണ്ണൂർ: **പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 'ബീക്കണ്‍ ടൗണ്‍' Project Beacon Town പദ്ധതിക്ക് തുടക്കമായി.

## Article Content

**കണ്ണൂർ: **പട്ടണങ്ങളെ വൃത്തിയും ഭംഗിയുമുള്ളവയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 'ബീക്കണ്‍ ടൗണ്‍' Project Beacon Town പദ്ധതിക്ക് തുടക്കമായി.

ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഒരു പ്രധാന പട്ടണത്തെ മാതൃകാ ടൗണ്‍ ആക്കി മാറ്റുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ജനകീയ പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക.

ആദ്യഘട്ടം: ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 2 വരെ:ഒരു പട്ടണം മുഴുവനായോ വലിയ പട്ടണമാണെങ്കില്‍ 500 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള പ്രദേശമോ ആണ് തെരഞ്ഞെടുക്കുക.  

ആദ്യം ബെയ്‌സ് ലൈന്‍ സര്‍വേ നടത്തി ശുചിത്വ പ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യ പോരായ്മകളും കണ്ടെത്തും. തുടര്‍ന്ന് അടിയന്തര കര്‍മ്മ പദ്ധതി തയ്യാറാക്കും.  

മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ ശുചീകരിക്കല്‍, പൊതുശൗചാലയങ്ങള്‍ പ്രവര്‍ത്തനക്ഷമാക്കല്‍, മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തല്‍, അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യല്‍, ക്ലീനിങ്ങ് ഡ്രൈവുകള്‍ എന്നിവ നടപ്പാക്കും. ഓണക്കാലത്ത് പ്രത്യേക ശുചിത്വ-ഗ്രീന്‍ പ്രോട്ടോക്കോളും ഉണ്ടാകും.

രണ്ടാംഘട്ടം: ഒക്ടോബര്‍ 3 മുതല്‍ മാര്‍ച്ച് 31 വരെ:  നടപ്പാത, ഡ്രെയിനേജ്, തെരുവിളക്ക്, കുടിവെള്ളം, പൊതുശൗചാലയങ്ങള്‍, പാര്‍ക്കിങ്, വെണ്ടര്‍ സോണ്‍, പോക്കറ്റ് പാര്‍ക്കുകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, സിസിടിവി, ഗ്രീന്‍ വിജിലന്‍സ് തുടങ്ങിയവ നടപ്പാക്കും.

ശുചീകരിച്ച സ്ഥലങ്ങള്‍ വീണ്ടും വൃത്തികേടാകാതിരിക്കാന്‍ സ്ഥിരം നിരീക്ഷണവും പ്രതിരോധവും ഏര്‍പ്പെടുത്തും. പൊതുസ്ഥലങ്ങളില്‍ തുപ്പലും മൂത്രമൊഴിക്കലും തടയാന്‍ ബോധവല്‍ക്കരണവും മുന്നറിയിപ്പ് ബോര്‍ഡുകളും ശക്തമാക്കും.

ശുചിത്വ മിഷന്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ, വ്യാപാരി സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, NSS, NCC, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ പദ്ധതിയില്‍ പങ്കാളികളാക്കും. 'എന്റെ ടൗണ്‍ എന്റെ അഭിമാനം' എന്നതാണ് സന്ദേശം.

പദ്ധതിയുടെ ലോഗോ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എ. പ്രദീപന്‍, പി. രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379013/beacon-town-project-launched-district)