---
title: "പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യക്കായി സംസ്ഥാനത്തിന് പുറത്തേക്കും തിരച്ചിൽ"
english_title: "Peringathur Missing Plus Two Student Shivasurya Search Intensified"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379014/peringathur-missing-student-shivasurya-search"
published_at: "2026-08-18T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a83df26a7991_1000790743.jpg"
keywords: ["Missing Student", "Shivasurya", "Peringathur", "Kerala Police"]
---

# പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യക്കായി സംസ്ഥാനത്തിന് പുറത്തേക്കും തിരച്ചിൽ

> **Lead Summary:** **കണ്ണൂർ: **പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി നടക്കുന്ന അന്വേഷണം പോലീസ് ഊർജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. 

## Article Content

**കണ്ണൂർ: **പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർത്ഥി ശിവസൂര്യയ്ക്കായി നടക്കുന്ന അന്വേഷണം പോലീസ് ഊർജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. 

> പത്ത് ദിവസം മുമ്പ് ഇക്കഴിഞ്ഞ 8-ാം തീയതിയാണ് ശിവസൂര്യയെ കാണാതായത്. "കാശിയിലേക്ക് പോകുന്നു" എന്ന് കുറിപ്പ് എഴുതി വെച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

മൊബൈൽ ഫോൺ ഉപയോഗം പിതാവ് വിലക്കിയതിനെ തുടർന്നാണ് ശിവസൂര്യ നാടുവിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗെയിം കളിച്ച് ചെറിയ തുകകൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഫോൺ പിടിച്ചുവാങ്ങിയത്.

തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം. കേരളത്തിന് പുറത്തും വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്. വാരണാസിയിലെ മലയാളി സംഘടനകളുമായും പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ കണ്ടതായി ലഭിച്ച വിവരം പോലീസ് പരിശോധിച്ചെങ്കിലും അത് തെറ്റാണെന്ന് കണ്ടെത്തി. അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കുട്ടിയുടെ സാന്നിധ്യം എവിടെയും കണ്ടെത്താനായിട്ടില്ല.

ഇതിനിടെ നാട്ടുകാർ സമൂഹ മാധ്യമങ്ങളിലൂടെ ശിവസൂര്യയെ കണ്ടെത്താനുള്ള ക്യാമ്പെയിനും ആരംഭിച്ചിട്ടുണ്ട്.

ചെറുപ്പത്തിൽ അമ്മ മരിച്ച ശിവസൂര്യയ്ക്ക് പിതാവ് മാത്രമാണ് ഉള്ളത്. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379014/peringathur-missing-student-shivasurya-search)