---
title: "74കാരന്റെ കൊലപാതകം:ഐഫോണിനും ബൈക്കിനും വേണ്ടി, 13 കാരിയുടെ കൊട്ടേഷൻ ഏറ്റെടുത്തത് കൗമാരക്കാർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് "
english_title: "Karuvaat Murder Case 74 Year Old Killed By Teenagers For Iphone Bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379072/karuvaat-74-year-old-murder-teenagers-iphone-bike"
published_at: "2026-08-18T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84267807cd3_1000791839.jpg"
keywords: ["Karuvaat", "Kollam", "Murder", "Crime News", "Teenagers"]
---

# 74കാരന്റെ കൊലപാതകം:ഐഫോണിനും ബൈക്കിനും വേണ്ടി, 13 കാരിയുടെ കൊട്ടേഷൻ ഏറ്റെടുത്തത് കൗമാരക്കാർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് 

> **Lead Summary:** **കരുവാറ്റ: **74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐഫോണും ബൈക്കും വാങ്ങാനായി ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് മൂന്ന് കൗമാരക്കാരാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

## Article Content

**കരുവാറ്റ: **74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഐഫോണും ബൈക്കും വാങ്ങാനായി ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് മൂന്ന് കൗമാരക്കാരാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി കരുവാറ്റയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതേ വീട്ടിലായിരുന്നു 13 വയസുകാരിയും താമസിച്ചിരുന്നത്. ശിവൻകുട്ടി വീട്ടിൽ ഒറ്റയ്ക്കുള്ള സമയം നോക്കി സ്വർണവും പണവും അപഹരിക്കാനായി പെൺകുട്ടി തന്റെ സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാരെ വിളിച്ചുവരുത്തി.

മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും പെൺകുട്ടിയും ആശുപത്രിയിൽ പോയ രാത്രിയിൽ മൂവർ സംഘം വീടിന്റെ ഓട് പൊളിച്ച് അകത്തു കയറി. കൈകാലുകൾ കെട്ടിയ ശേഷം കഴുത്തിൽ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൂവരും കൊല്ലത്തേക്ക് ട്രെയിൻ കയറി കടന്നു.

അടുത്ത ദിവസം ഒന്നുമറിയാത്തതുപോലെ പെൺകുട്ടി വീട്ടിലെത്തി നാട്ടുകാരെ കൂട്ടി മരണവിവരം അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് കേസിന്റെ ചുരുളഴിച്ചത്. കൊലപാതകം പെൺകുട്ടിക്ക് വീഡിയോ കോൾ വഴി തത്സമയം കാണിച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി.

വിരലടയാളം പതിയാതിരിക്കാൻ കയ്യുറ ധരിച്ചായിരുന്നു കൊല. തെളിവ് നശിപ്പിക്കാൻ വീട് മുഴുവൻ മുളകുപൊടി വിതറുകയും ചെയ്തു. മോഷ്ടിച്ച 6 പവൻ സ്വർണം പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379072/karuvaat-74-year-old-murder-teenagers-iphone-bike)