---
title: "പയ്യാവൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 35 പന്നികൾ ചത്തു, 10 കി.മീ ചുറ്റളവിൽ നിരോധനം"
english_title: "African Swine Fever Confirmed Payyavoor Kannur Pig Cull Ban"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379194/payyavoor-african-swine-fever-ban-kannur"
published_at: "2026-08-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a85786fb9312_Untitled-2-web.jpg"
keywords: []
---

# പയ്യാവൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 35 പന്നികൾ ചത്തു, 10 കി.മീ ചുറ്റളവിൽ നിരോധനം

> **Lead Summary:** **കണ്ണൂർ: **പയ്യാവൂർ പഞ്ചായത്തിലെ വണ്ണായിക്കടവിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്തെ തോമസ് മതിലകം എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് ഫാമിലുണ്ടായിരുന്ന 35 പന്നികൾ ഇതിനോടകം ചത്തൊടുങ്ങിയിട്ടുണ്ട്.

## Article Content

**കണ്ണൂർ: **പയ്യാവൂർ പഞ്ചായത്തിലെ വണ്ണായിക്കടവിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്തെ തോമസ് മതിലകം എന്നയാളുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് ഫാമിലുണ്ടായിരുന്ന 35 പന്നികൾ ഇതിനോടകം ചത്തൊടുങ്ങിയിട്ടുണ്ട്.

പന്നിപ്പനി പടർന്നുപിടിക്കുന്നത് തടയുന്നതിനായി അടിയന്തര നടപടികളുമായി ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും രംഗത്തിറങ്ങി.

രോഗപ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ അടുത്ത മൂന്ന് മാസത്തേക്ക് പന്നിയിറച്ചി വിൽപന, പന്നികളുടെ കടത്ത്, കശാപ്പ് എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി.

നിരോധന മേഖലയുടെ (Surveillance Zone) 10 കിലോമീറ്റർ പരിധിയിൽ വരുന്ന അയൽ പഞ്ചായത്തുകളായ ഏരുവേശ്ശി, പടിയൂർ-കല്യാട്, ഇരിക്കൂർ, നടുവിൽ, ഉളിക്കൽ എന്നിവടങ്ങളിലും ശ്രീകണ്ഠപുരം നഗരസഭയുടെ വിവിധ ഭാഗങ്ങളിലും കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ പന്നി ഫാമുകൾ നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരമറിയിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379194/payyavoor-african-swine-fever-ban-kannur)