---
title: "ഏഴോത്ത് മാലിന്യ പ്രശ്‌നത്തിൽ നടപടി; കാൽ ലക്ഷം രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Ezhom Waste Management Violation Fine 25000 District Enforcement Squad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379673/ezhom-waste-management-violation-fine-25000-enforcement-squad"
published_at: "2026-08-22T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a89d7184172b_1000802140.jpg"
keywords: ["Ezhom Grama Panchayat", "Waste Management Fine", "Enforcement Squad", "Pazhayangadi"]
---

# ഏഴോത്ത് മാലിന്യ പ്രശ്‌നത്തിൽ നടപടി; കാൽ ലക്ഷം രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ഏഴോം:: ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.

## Article Content

ഏഴോം:: ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.

പഴയങ്ങാടി ബസ് സ്റ്റാൻഡിനോട് ചേർന്ന എച്ച് എ കെ എന്ന ബിൽഡിംഗിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഫാമിലി സൂപ്പർമാർക്കറ്റ്, ഡിസൈൻ ജ്വല്ലറി, മറിയുമ്മ ട്രാവൽസ് ഉൾപ്പെടെ ബിൽഡിംഗിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനങ്ങൾ ഉപയോഗിച്ച് വരുന്ന കക്കൂസിൽ നിന്നും സെപ്റ്റിക് മാലിന്യങ്ങൾ അടക്കം പൈപ്പ് വഴി പുറത്തേക്ക് തുറസായി ഒഴുക്കപ്പെട്ട നിലയിലായിരുന്നു.

ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കാൻ കർശന നിർദേശം നൽകുകയും കുറ്റക്കാരായ സ്ഥാപനങ്ങളിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പൊതുജനം നിരന്തരമായി കടന്നുപോകുന്നതും അടുത്തുള്ള ഡ്രൈവിംഗ് സ്കൂൾ ട്രയൽസ് നടത്തുന്നതിന് ഉപയോഗിച്ചു വരുന്നതുമായ ഗ്രൗണ്ടിനു പരിസരത്താണ് മലിനജലം ഒഴുക്കപ്പെട്ടത്.

ഇതേ കെട്ടിടത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന ബേക്ക് സ്റ്റോറി എന്ന സ്ഥാപനത്തിന്റെ പഴയ മാലിന്യങ്ങൾ നാളിതുവരെ കൈയൊഴിയാതെ കൂട്ടിയിട്ടതിന് ഉടമയിൽ നിന്നും 3,000 രൂപയും പിഴ ഈടാക്കി.

ഓണത്തിരക്കിലേക്ക് നാട് നീങ്ങുന്ന ഘട്ടത്തിൽ പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യപ്രശ്‌നങ്ങൾ വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണെന്നും തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് ലീഡർ അഷ്റഫ് പി പി അറിയിച്ചു. പരിശോധനയിൽ സ്‌ക്വാഡ് ലീഡർ അഷ്റഫ് പി പി, സ്‌ക്വാഡ് അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ പി പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379673/ezhom-waste-management-violation-fine-25000-enforcement-squad)