---
title: "മണ്ണിലും വിണ്ണിലും വിസ്മയം സൃഷ്ടിച്ച് മൊറാഴ സ്കൂളിലെ സഹവാസ ക്യാമ്പ്"
english_title: "Morazha AUP School Sahavasa Camp Clay Workshop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379772/morazha-aup-school-sahavasa-camp-clay-workshop"
published_at: "2026-08-23T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b00725cb29_1000804245.jpg"
keywords: ["Morazha AUP School", "Sahavasa Camp", "Clay Workshop Morazha"]
---

# മണ്ണിലും വിണ്ണിലും വിസ്മയം സൃഷ്ടിച്ച് മൊറാഴ സ്കൂളിലെ സഹവാസ ക്യാമ്പ്

> **Lead Summary:** മൊറാഴ: മൊറാഴ എ യു പി സ്കൂളിന്റെ സഹവാസ ക്യാമ്പും കളിമൺ ശില്പശാലയും കുട്ടികളുടെ സർഗാത്മകതയ്ക്കും കൂട്ടായ്മയ്ക്കും പുതിയ നിറം പകർന്നു.

## Article Content

മൊറാഴ: മൊറാഴ എ യു പി സ്കൂളിന്റെ സഹവാസ ക്യാമ്പും കളിമൺ ശില്പശാലയും കുട്ടികളുടെ സർഗാത്മകതയ്ക്കും കൂട്ടായ്മയ്ക്കും പുതിയ നിറം പകർന്നു.

പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയോടും മണ്ണിനോടും ചേർന്ന് പഠിച്ചും കളിച്ചും സൃഷ്ടിച്ചും കുട്ടികൾ ഒരുക്കിയ ഈ ക്യാമ്പ് അറിവിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഓർമ്മയായി മാറി.

കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന പങ്കൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഇ രാജീവൻ അധ്യക്ഷത വഹിച്ചു. എച്ച് എം എം വി സുനിത സ്വാഗതം പറഞ്ഞു, പി വി രമ്യ ടീച്ചർ നന്ദി പറഞ്ഞു.

സോഷ്യൽ സയൻസ് സ്റ്റേറ്റ് റിസോഴ്സ് അംഗവും തെക്കുമ്പാട് ജി എം യു പി യിലെ പ്രധാന അധ്യാപകനുമായ പ്രശാന്ത് മുട്ടത്തിന്റെ നേതൃത്വത്തിൽ നടന്ന വിസ്മയ കാഴ്ച കുട്ടികളിൽ ആകാശത്തെ കുറിച്ചുള്ള കൗതുകം നിറച്ചു.

പ്രശസ്ത ഗായകനും നാടക-സിനിമ അഭിനേതാവുമായ പ്രദീപ് കുമാർ കക്കാടിന്റെ നേതൃത്വത്തിൽ നടന്ന സംഗീത സഭ കുട്ടികളിൽ കലകളോടുള്ള അഭിരുചി വളർത്തി.

രാവിലെ നാട്ടുകാഴ്ചകളുടെ ഭാഗമായി മൊറാഴ വയലിലെ സൈക്കിൾ പാതയിലൂടെയുള്ള സഞ്ചാരം കുട്ടികളുടെ മനം കുളിർപ്പിക്കുന്നതായിരുന്നു. മുൻ ബി ആർ സി കോഡിനേറ്ററും ചിത്രകാരനും കടമ്പേരി സ്കൂൾ അധ്യാപകനുമായ സന്തോഷ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന കലയും കിളിയും പരിപാടിയും കുട്ടികളിൽ ആവേശം നിറച്ചു.

പ്രശസ്ത കലാകാരൻ സുബീഷ് ചെറുകുന്നിന്റെ നേതൃത്വത്തിൽ നടന്ന കളിമൺ ശില്പശാല ഏറെ ശ്രദ്ധേയമായി. മണ്ണിൽ തൊട്ട വിരലുകളിൽ വിരിഞ്ഞത് കുട്ടികളുടെ സ്വപ്നങ്ങളും സർഗാത്മകതയുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379772/morazha-aup-school-sahavasa-camp-clay-workshop)