---
title: "കണ്ണൂരിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകൾ സജീവം"
english_title: "Kannur Squad Inspection Onam Drive Fine Collected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/379775/kannur-squad-inspection-onam-fine-1-7-lakh"
published_at: "2026-08-23T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b061389b5e_1000804284.jpg"
keywords: ["Kannur Onam Squad Inspection", "Illegal Laterite Stone Transport Fine", "Kannur Food Safety Drive"]
---

# കണ്ണൂരിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകൾ സജീവം

> **Lead Summary:** **കണ്ണൂർ:** ഓണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകൾ സജീവം.

## Article Content

**കണ്ണൂർ:** ഓണക്കാലത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകൾ സജീവം.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇരിക്കൂർ, പേരാവൂർ മേഖലയിൽ അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് വാഹനങ്ങൾ കണ്ടെത്തി. ഇവയിൽ നിന്ന് റോയൽറ്റി ഇനത്തിൽ 1,70,400 രൂപ ഈടാക്കി.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് തലശ്ശേരിയിലെ 11 ഹോട്ടലുകൾക്ക് 61,000 രൂപ പിഴ ചുമത്തി. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എടയാറിലെ പന്നിഫാമിലേക്ക് ഹോട്ടൽ ഭക്ഷണ മാലിന്യവുമായി പോവുകയായിരുന്ന ലോറി പരിശോധിച്ചതിൽ നിന്ന് ലഭിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സ്ക്വാഡ് കഴിഞ്ഞ മൂന്നുദിവസമായി തലശ്ശേരിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്.

ഓണ വിപണിയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ തടയുന്നതിനായി സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ ജില്ലയിലെ 500ലേറെ പലചരക്ക്, പച്ചക്കറി കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൃത്രിമം കണ്ടെത്തിയ 21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുന്നതിന് നടപടികൾ സ്വീകരിച്ചു.

ലീഗൽ മെട്രോളജി വകുപ്പ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അമ്പതിലേറെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അളവ് തൂക്ക സംബന്ധമായ നിയമ ലംഘനങ്ങൾക്ക് ഏഴു കേസുകൾ രജിസ്റ്റർ ചെയ്തു.

തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 700ലേറെ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ 21 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഒരു തട്ടുകടയും ഒരു ഇറച്ചി വിൽപ്പന സ്റ്റാളും അടച്ചുപൂട്ടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/379775/kannur-squad-inspection-onam-fine-1-7-lakh)