---
title: "ഒഞ്ചിയം മാടാക്കര പള്ളിയിലെ പോലീസ് അതിക്രമം; ശക്തമായ നടപടി വേണമെന്ന് മുസ്ലിം ലീഗ്"
english_title: "Onchiyam Madakkara Mosque Police Lathicharge Muslim League Demands Action"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380028/kozhikode-onchiyam-madakkara-mosque-police-lathicharge-muslim-league"
published_at: "2026-08-26T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8e8eef45471_1000810133.jpg"
keywords: ["Onchiyam Madakkara Mosque Issue", "Chombala Police Lathicharge", "Muslim League Kozhikode"]
---

# ഒഞ്ചിയം മാടാക്കര പള്ളിയിലെ പോലീസ് അതിക്രമം; ശക്തമായ നടപടി വേണമെന്ന് മുസ്ലിം ലീഗ്

> **Lead Summary:** **കോഴിക്കോട്: **ഒഞ്ചിയം മാടാക്കര പള്ളിയിൽ നിസാര തർക്കത്തെ പഴുതായെടുത്ത് വിശ്വാസികൾക്കുനേരെ അക്രമം അഴിച്ചുവിട്ട പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ എംഎൽഎയും ജനറൽ സെക്രട്ടറി ടി ടി ഇസ്മയിലും ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: **ഒഞ്ചിയം മാടാക്കര പള്ളിയിൽ നിസാര തർക്കത്തെ പഴുതായെടുത്ത് വിശ്വാസികൾക്കുനേരെ അക്രമം അഴിച്ചുവിട്ട പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ എംഎൽഎയും ജനറൽ സെക്രട്ടറി ടി ടി ഇസ്മയിലും ആവശ്യപ്പെട്ടു.

നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാൻ വിശ്വാസികൾ പള്ളിക്കകത്ത് ഇരിക്കുമ്പോൾ കാര്യമായ പ്രകോപനമില്ലാതെ പള്ളിക്കകത്ത് ബൂട്ടിട്ട് കയറി അസഭ്യവർഷം നടത്തി വിശ്വാസികളെ ലാത്തിച്ചാർജ് നടത്തുന്ന പൈശാചികതയാണ് ചോമ്പാല സിഐയുടെ നേതൃത്വത്തിൽ ഉണ്ടായതെന്ന് നേതാക്കൾ പറഞ്ഞു. അസഭ്യവും അക്രമവും അഴിച്ചുവിട്ടവർക്കെതിരെ ആഭ്യന്തര വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഒഞ്ചിയം മാടാക്കരയിലെ ആരാധനാലയത്തിൽ ചോമ്പാല പോലീസ് കാണിച്ച അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല എംഎൽഎയും പറഞ്ഞു.

വർഷങ്ങളായി ചില തർക്കങ്ങൾ പള്ളി കമ്മിറ്റിയിൽ ഉണ്ടാവാറുണ്ട്. അതൊക്കെ അതത് സമയത്ത് പരസ്പരം സംസാരിച്ച് തീർക്കാറാണ്. നബിദിന പരിപാടിയെ സംബന്ധിച്ച് ആലോചിക്കാൻ വിശ്വാസികൾ പള്ളിക്കകത്ത് ഇരിക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ചോമ്പാല സിഐയുടെ നേതൃത്വത്തിൽ സായുധ പോലീസ് പള്ളിക്കകത്ത് അതിക്രമിച്ച് കടന്ന് നിരപരാധികളായ വിശ്വാസികൾക്കെതിരെ ലാത്തിചാർജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനമുണ്ടാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

കണ്ണൂക്കര മാടാക്കര മുഹിയിദ്ദീൻ മസ്ജിദിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞ് സംഘർഷത്തിനൊടുവിലാണ് പോലീസ് ലാത്തി വീശിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്.

വർഷങ്ങളായി പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. നിലവിൽ അബ്ദുറഹ്മാൻ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പാണക്കാട് വെച്ച് നടത്തിയ അനുരഞ്ജന ചർച്ചയിൽ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചിരുന്നു.

ഇതിനിടെ നബിദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്താനുള്ള ഒരുക്കത്തെ എതിർ വിഭാഗം ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ച മുതൽ സംഘർഷ സാധ്യതയുള്ളതിനാൽ ചോമ്പാല പോലീസ് സ്റ്റേഷനിൽ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി അനുരഞ്ജന ചർച്ച നടത്തിയിരുന്നു. രാത്രിയോടെ പ്രശ്നം വഷളായതോടെ മഹല്ല് കമ്മിറ്റി ചോമ്പാല പോലീസിൽ വിവരം അറിയിക്കുകയും പോലീസ് പള്ളിക്കുള്ളിൽ കയറി ലാത്തി വീശി സംഘർഷത്തിന് അയവ് വരുത്തുകയുമായിരുന്നു. രണ്ടുപേരെ സംഭവ സ്ഥലത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയക്കുകയും ചെയ്തു.

പള്ളിക്കകത്ത് പോലീസിനെ കയറ്റിയതിനെതിരെ പള്ളി കമ്മിറ്റിക്കെതിരെ എതിർപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘത്തെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380028/kozhikode-onchiyam-madakkara-mosque-police-lathicharge-muslim-league)