---
title: "വൈദ്യുതി നിരക്ക് വർധനയുടെ ഭാരം കുറയ്ക്കാൻ പുതിയ മൾട്ടി ഇയർ താരിഫ് കരട് ചട്ടവുമായി റഗുലേറ്ററി കമ്മീഷൻ"
english_title: "Kerala Electricity Tariff Hike New Multi Year Tariff Draft Regulation 2027"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380056/kerala-electricity-tariff-new-multi-year-draft-regulation"
published_at: "2026-08-26T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ecab481233_1000810732.jpg"
keywords: ["Kerala Electricity Tariff News", "KSERC Multi Year Tariff Draft", "Electricity Rate Revision Kerala"]
---

# വൈദ്യുതി നിരക്ക് വർധനയുടെ ഭാരം കുറയ്ക്കാൻ പുതിയ മൾട്ടി ഇയർ താരിഫ് കരട് ചട്ടവുമായി റഗുലേറ്ററി കമ്മീഷൻ

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതി നിരക്ക് വർധനയുടെ അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തുന്നത് പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് പുറത്തിറക്കി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ.

## Article Content

**തിരുവനന്തപുരം: **വൈദ്യുതി നിരക്ക് വർധനയുടെ അധികഭാരം ഉപഭോക്താക്കളിലേക്ക് എത്തുന്നത് പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് പുറത്തിറക്കി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ.

2021ലെ താരിഫ് ചട്ടങ്ങളുടെ കാലാവധി 2027 മാർച്ചിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ കരട് തയ്യാറാക്കിയത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. പുതിയ വൈദ്യുതി നിരക്ക് പരിഷ്കരണം 2027 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

നിലവിൽ വൈദ്യുതി വാങ്ങൽ ചെലവ് ഉയരുമ്പോൾ അതിന്റെ പ്രതിഫലനം താരിഫിലും ഉണ്ടാകുന്ന സാഹചര്യമാണ്. ഈ ഭാരം കുറയ്ക്കുന്നതിനായി വൈദ്യുതി വാങ്ങൽ ചെലവ് നിയന്ത്രിക്കുന്നതിനും ഊർജ സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ഭാവിയിൽ വൈദ്യുതി നിരക്ക് പരിഷ്കരിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അധികഭാരം പരമാവധി കുറയ്ക്കാനാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.

വൈദ്യുതി ലൈസൻസികളുടെ കാര്യക്ഷമത, ഉത്തരവാദിത്തം, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും കരടിൽ ഊന്നൽ നൽകുന്നു. കൂടാതെ, മൂലധന നിക്ഷേപത്തിൽ കൂടുതൽ സൂക്ഷ്മത ഉറപ്പാക്കാനും നിർദേശമുണ്ട്.

വൈദ്യുതി മേഖലയിലെ പുതിയ മാറ്റങ്ങൾ, കേന്ദ്ര സർക്കാരിന്റെ നയങ്ങൾ, പുതുതായി നിലവിൽ വന്ന ചട്ടങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ഈ ഘടകങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ താരിഫ് പരിഷ്കരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380056/kerala-electricity-tariff-new-multi-year-draft-regulation)