---
title: "തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Youth Arrested With MDMA Thaliparamba Kannur Police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380318/youth-arrested-mdma-thaliparamba-kannur-police"
published_at: "2026-08-29T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a928570f0f64_1000816520.png"
keywords: ["Kannur Crime News", "Thaliparamba MDMA Arrest", "Kerala Drug Case"]
---

# തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** *തളിപ്പറമ്പ്:* തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

## Article Content

*തളിപ്പറമ്പ്:* തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

പരിയാരം ചിതപ്പിലെപൊയിലിൽ കാനത്തിൽ വീട്ടിൽ കെ. മുനീറയുടെ മകൻ കെ. മുഹമ്മദ് അഫ്രീദി (26)നെയാണ് തളിപ്പറമ്പ് എസ്ഐ യു.എച്ച്. അസ്ബർബാബു അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ ഒന്നരയോടെ സംസ്ഥാനപാതയിൽ സീതീസാഹിബ് ഹയർസെക്കണ്ടറി സ്കൂളിന് മുന്നിൽ നിന്നും നഗരസഭ ഓഫീസിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇയാൾ പിടിയിലായത്.

വാഹനപരിശോധന നടത്തവെ നഗരസഭ ഓഫീസ് ഭാഗത്തേക്ക് കെഎൽ-59-ഡബ്ല്യു-0218 ഹിമാലയൻ ബൈക്കിൽ എത്തിയ അഫ്രീദി പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ സ്പീഡ് കുറച്ച് വീണ്ടും മുന്നോട്ടേക്ക് എടുക്കാൻ ശ്രമിക്കവെ പോലീസ് തടഞ്ഞുനിർത്തിയാണ് പിടികൂടിയത്. 3.3325 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഇയാളെ ചോദ്യം ചെയ്തതിൽ ചൊറുക്കള സ്വദേശിയും ഇപ്പോൾ മസ്കറ്റിൽ ജോലി ചെയ്തുവരുന്നതുമായ സഫ്‌വാൻ എംഡിഎംഎ സൂക്ഷിച്ചുവെച്ച സ്ഥലത്തിന്റെ ലൊക്കേഷൻ മൊബൈൽ ഫോണിൽ അയച്ചുതന്നത് പ്രകാരം അവിടെ പോയി എടുത്ത് വരികയാണെന്ന് പോലീസിനോട് പറഞ്ഞു.

സഫ്‌വാൻ ക്യുആർ കോഡ് അയച്ചുതന്നത് പ്രകാരം അയാളുടെ ഭാര്യ ഫിദയുടെ അക്കൗണ്ടിലേക്ക് എംഡിഎംഎയുടെ വിലയായ 45,000 രൂപ അയച്ചുകൊടുത്തതായും സമ്മതിച്ചു. പോലീസ് മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ഇത് സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

12,670 രൂപയും പോലീസ് അഫ്രീദിയിൽ നിന്ന് പിടിച്ചെടുത്തു. ഗ്രേഡ് എഎസ്ഐ ഇബ്രാഹിം സീരകത്ത്, സിപിഒ എം.പി. നവാസ് എന്നിവരും പോലീസ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നു. അഫ്രീദി നേരത്തെ എംഡിഎംഎയുമായി പിടിയിലായിരുന്നു.

വിദേശത്തുനിന്നും ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ച് എംഡിഎംഎ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരം ഞെട്ടിക്കുന്നതാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി ഇതിന് പിറകിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380318/youth-arrested-mdma-thaliparamba-kannur-police)