---
title: "കെ.കെ രാഗേഷിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ ഗോവിന്ദൻ എംഎൽഎ"
english_title: "TK Govindan Criticizes KK Ragesh CPI M Kannur District Secretary Controversy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380603/tk-govindan-mla-criticizes-kk-ragesh-cpim-kannur-controversy"
published_at: "2026-08-31T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a95b050ddd63_1000821995.jpg"
keywords: ["TK Govindan News", "KK Ragesh News", "CPM Kannur News"]
---

# കെ.കെ രാഗേഷിനെതിരെ രൂക്ഷ വിമർശനവുമായി ടി.കെ ഗോവിന്ദൻ എംഎൽഎ

> **Lead Summary:** കോഴിക്കോട്: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദൻ.

## Article Content

കോഴിക്കോട്: സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെതിരെ രൂക്ഷവിമർശനവുമായി തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദൻ.

താൻ സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമ്പോൾ ജനിക്കാത്ത ജില്ലാ സെക്രട്ടറിയാണ് തന്നെയിപ്പോൾ വിമർശിക്കുന്നതെന്ന് ടി.കെ ഗോവിന്ദൻ പരിഹസിച്ചു. കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നു. അവർക്ക് മറുപടി നൽകാനറിയാമെന്നും ടി.കെ ഗോവിന്ദൻ പ്രതികരിച്ചു.

കെ.കെ രാഗേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു ടി.കെ ഗോവിന്ദന്റെ പ്രതികരണം. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും കുട്ടിത്തമായേ കാണുന്നുള്ളൂ എന്നും പറഞ്ഞ ഗോവിന്ദൻ, ഇക്കാര്യത്തിൽ അടുത്ത ദിവസം കണ്ണൂരിൽ മറുപടി പറയുമെന്നും വ്യക്തമാക്കി.

'ആളെ കൂട്ടുപിടിച്ച് സ്ഥാനമോഹങ്ങൾ നേടി എടുത്തവരെ എല്ലാവർക്കും അറിയാം. താൻ സിപിഐഎം ഏരിയ സെക്രട്ടറി ആകുമ്പോൾ രാഗേഷ് ജനിച്ചിട്ടില്ല. ആ വിദ്വാനുള്ള മറുപടി നാളെ കണ്ണൂരിൽ പറയും. കെ സുധാകരനോട് എത്ര ലക്ഷം വോട്ടിനാണ് രാഗേഷ് തോറ്റത്? തോറ്റ് തുന്നംപാടി നിൽക്കുമ്പോഴാണ് രാഗേഷിനെ രാജ്യസഭ എംപിയാക്കിയത്. രാജ്യസഭയിൽ നിന്ന് വന്നയുടൻ പിണറായി വിജയന്റെ സെക്രട്ടറിയാക്കി. ഈ മഹാൻ പാർട്ടിക്ക് വേണ്ടി എന്താണ് ചെയ്തത്. ഇപ്പോൾ പാർട്ടി സെക്രട്ടറിയായി വന്നു. ലോക്കൽ സെക്രട്ടറി ആയിട്ടുള്ള അനുഭവം പോലും അയാൾക്കില്ല.'

പാർലമെന്റിൽ സിപിഐഎം തകർന്നതെങ്ങനെ എന്ന് ചിന്തിക്കുന്നില്ല. എത്ര തവണ തെറ്റുതിരുത്തൽ സമ്മേളനം ചേർന്നു. എന്നാൽ ഒരു തവണയും തെറ്റുതിരുത്തിയില്ല. മുകളിൽ നിന്ന് കെട്ടിപ്പടുക്കുന്ന പാർട്ടിയാണ് എന്ന് പറഞ്ഞ് താഴെ തട്ടിൽ നിന്നുള്ളതൊന്നും നേതൃത്വം കേൾക്കുന്നില്ല. ഞങ്ങൾ പറയുന്നത് കേട്ടാൽ മതി എന്നാണ് നിലപാട്. അഹന്തയുടെ ഭാഷയാണിപ്പോൾ സിപിഐഎമ്മിന്. ഞാൻ പാർട്ടിയുടെ പുറത്താണ്. പാർട്ടിയിലുള്ളവർ ചോദിക്കട്ടെ. അനധികൃത സ്വത്ത് സമ്പാദനത്തിൽ പാർട്ടി നേതൃത്വം തിരുത്തിയോ, അനധികൃതമായി ഫണ്ട് പിരിക്കുന്നത് തിരുത്തിയോ, ആളുകൾ വ്യതിചലിച്ചു പോകുന്നത് എന്തുകൊണ്ട് എന്ന് പാർട്ടി ചിന്തിക്കുന്നില്ല', ടി.കെ ഗോവിന്ദൻ തുറന്നടിച്ചു.

നേതൃത്വമാണ് പാർട്ടിയെ തകർക്കുന്നതെന്നും ഗോവിന്ദൻ വിമർശിക്കുന്നുണ്ട്. നേതൃത്വം അവരുടെ കറക്കു കമ്പനികൾക്കുവേണ്ടി പാർട്ടിയെ തകർക്കുകയാണ്. തന്നെയും കുഞ്ഞികൃഷ്ണനെയും കടന്നാക്രമിച്ചുകൊണ്ട് സിപിഐഎം രക്ഷപ്പെടുമോ? ടി.പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയത് കൊണ്ട് പാർട്ടി രക്ഷപ്പെട്ടോ? കുട്ടിനേതാക്കളെ കൊണ്ട് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യപരമാണോ? ഇഎംഎസും എകെജിയുമാണ് ഏറ്റവുമാദ്യം വർഗവഞ്ചകർ എന്ന വിളികേൾക്കേണ്ടി വന്നത്. വർഗ വഞ്ചകൻ, കുലംകുത്തി, പാർലമെന്ററി വ്യാമോഹം എന്നിങ്ങനെ കുറെ പദങ്ങൾ സിപിഐഎം നിഘണ്ടുവിലുണ്ട്. പാർട്ടി വിട്ടു പോകുന്നവരെ ചാപ്പകുത്തുന്ന പദങ്ങളാണ് അവ. പാർട്ടി വിട്ടുപോകുന്നവർ വർഗ വഞ്ചകർ, മറ്റ് പാർട്ടിയിൽ നിന്ന് വരുന്നവർ വിപ്ലവകാരികൾ. രണ്ട് ദിവസമായി തളിപ്പറമ്പിലും, പയ്യന്നൂരിൽ ചെന്ന് ഭീഷണിപ്പെടുത്തുന്നു. കൂടി വന്നാൽ ഞങ്ങളെ ഇല്ലാതാക്കും', ടി.കെ ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380603/tk-govindan-mla-criticizes-kk-ragesh-cpim-kannur-controversy)