---
title: "തളിപ്പറമ്പ് കുപ്പം മരത്തക്കാട് വളവിൽ തമ്പുരാൻ നഗർ റോഡ് ഇടിഞ്ഞു തകർന്ന സംഭവം; ഒരാഴ്ചയ്ക്കകം നന്നാക്കിയില്ലെങ്കിൽ നടപടിയെന്ന് നഗരസഭ"
english_title: "Thaliparamba Kuppam Road Collapse Private Land Owner Notice Municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380786/thaliparamba-kuppam-road-collapse-private-land-issue-municipality-action"
published_at: "2026-09-02T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97a9008598b_1000825022.png"
keywords: ["Thaliparamba News", "Kannur News", "Road Collapse Kerala"]
---

# തളിപ്പറമ്പ് കുപ്പം മരത്തക്കാട് വളവിൽ തമ്പുരാൻ നഗർ റോഡ് ഇടിഞ്ഞു തകർന്ന സംഭവം; ഒരാഴ്ചയ്ക്കകം നന്നാക്കിയില്ലെങ്കിൽ നടപടിയെന്ന് നഗരസഭ

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പം മരത്തക്കാട് വളവിൽ തമ്പുരാൻ നഗർ റോഡ് ഒരു മാസം മുൻപ് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് പാടെ തകർന്നിരുന്നു. റോഡിന്റെ താഴെ ഭാഗത്ത് വളവിൽ ഹൈവേയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയിരുന്നു. ഇതുമൂലമാണ് മുകളിലെ റോഡ് മുഴുവൻ ഇടിഞ്ഞു തകർന്നത്.

## Article Content

**തളിപ്പറമ്പ്: **കുപ്പം മരത്തക്കാട് വളവിൽ തമ്പുരാൻ നഗർ റോഡ് ഒരു മാസം മുൻപ് ശക്തമായ മഴയിൽ കുന്നിടിഞ്ഞ് പാടെ തകർന്നിരുന്നു. റോഡിന്റെ താഴെ ഭാഗത്ത് വളവിൽ ഹൈവേയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് അശാസ്ത്രീയമായി വൻതോതിൽ മണ്ണ് നീക്കിയിരുന്നു. ഇതുമൂലമാണ് മുകളിലെ റോഡ് മുഴുവൻ ഇടിഞ്ഞു തകർന്നത്.

മണ്ണെടുക്കുമ്പോൾ തന്നെ പാർശ്വ ഭിത്തി കെട്ടാൻ നഗരസഭ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കും തമ്പുരാൻ നഗറിലെ നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന ഈ പ്രധാന റോഡ് ഇടിഞ്ഞതിനെ തുടർന്ന് നഗരസഭ റോഡ് പൂർണ്ണമായും അടച്ചിട്ടിരുന്നു.

കാൽനട പോലും സാധ്യമല്ലാത്ത അവസ്ഥയിലാണ് റോഡ് ഇപ്പോൾ ഉള്ളത്. ശക്തമായ മഴ വീണ്ടും വന്നാൽ റോഡിന്റെ ബാക്കി ഭാഗവും വീഴാൻ പാകത്തിലാണ് ഉള്ളത്. ഒരു മാസക്കാലമായിട്ടും റോഡ് നന്നാക്കാൻ ആരും ശ്രമിച്ചില്ല. നാട്ടുകാർ സംഘടിച്ച് ശക്തമായ സമരത്തിനിറങ്ങാനിരിക്കെ ചൊവ്വാഴ്ച തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ യോഗം ചേർന്നു.

യോഗത്തിൽ റോഡ് ഇടിയാൻ കാരണമായി മണ്ണെടുത്ത സ്വകാര്യ വ്യക്തി എത്രയും വേഗം റോഡ് നന്നാക്കണമെന്ന് എംഎൽഎ, നഗരസഭ ചെയർമാൻ, ഉദ്യോഗസ്ഥർ, നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സ്വകാര്യ സ്ഥല ഉടമ വഴങ്ങിയില്ല.

തകരാറിലായ റോഡ് നന്നാക്കാമെന്നും അതോടൊപ്പം അവിടെ ബിൽഡിംഗ് എടുക്കാനുള്ള അനുവാദവും നഗരസഭ നൽകണമെന്നും സ്വകാര്യ വ്യക്തി ആവശ്യപ്പെട്ടു. അതോടൊപ്പം മുപ്പത്തി ആറ് ലക്ഷത്തോളം പിഴ ചുമത്തിയതായി ഒരു പത്രത്തിൽ വാർത്ത വന്നതായും അതൊന്നും താങ്ങാനാവില്ലെന്നും സ്ഥല ഉടമ പറഞ്ഞു. എന്നാൽ നഗരസഭ പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും റോഡ് എത്രയും വേഗം നന്നാക്കണമെന്നും നിയമപരമായ എല്ലാ സഹായത്തിനും എംഎൽഎയും നഗരസഭയും കൂടെ ഉണ്ടാകുമെന്നും അറിയിച്ചു.

സ്ഥല ഉടമ യോഗത്തിൽ പങ്കെടുക്കാതെ പകരക്കാരൻ വഴി ഫോണിൽ സംസാരിക്കുകയായിരുന്നു. ചെയർമാനും എംഎൽഎയും ഫോണിൽ ലൗഡ് സ്പീക്കർ ഇട്ട് സംസാരിച്ചെങ്കിലും സ്ഥലം ഉടമ പഴയ പല്ലവി തന്നെ തുടരുകയായിരുന്നു. ബിൽഡിംഗിനുള്ള അനുവാദം കൂടി റോഡിനൊപ്പം നൽകണമെന്ന് തന്നെ ഉടമ ശാഠ്യം പിടിച്ചു.

ഇവിടെ യോഗത്തിന് വന്നത് സ്വകാര്യ വ്യക്തിക്ക് കെട്ടിടമുണ്ടാക്കി കൊടുക്കാനല്ലെന്നും തകർന്ന നാട്ടുകാരുടെ റോഡ് നന്നാക്കാൻ വേണ്ടിയാണെന്നും റോഡിന്റെ മറവിൽ ബിൽഡിങ്ങിനുള്ള അനുവാദവും നേടി എടുക്കുക എന്നതാണ് സ്ഥല ഉടമയുടെ ലക്ഷ്യമെന്നും തമ്പുരാൻ നഗർ നിവാസികളായ നാട്ടുകാർ പറഞ്ഞു. നാട്ടുകാർ യോഗത്തിൽ നിന്ന് ഇറങ്ങി പോകാൻ ശ്രമിച്ചപ്പോൾ എംഎൽഎ ഇടപെട്ട് അവരെ ശാന്തരാക്കി.

ഒരാഴ്ചക്കകം സ്ഥല ഉടമ റോഡ് പുനർ നിർമ്മാണ പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ നഗരസഭ നിയമ നടപടിയിലേക്ക് നീങ്ങുമെന്ന് നഗരസഭ ചെയർമാൻ പി കെ സുബൈറും എംഎൽഎ എം വി ഗോവിന്ദൻ മാസ്റ്ററും ഫോണിലൂടെ ഉടമയെ അറിയിച്ചു.

അതോടൊപ്പം സ്വകാര്യ വ്യക്തിക്ക് അശാസ്ത്രീയമായി മണ്ണെടുക്കാൻ അനുവാദം നൽകിയ മുൻ നഗരസഭ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ആരായാലും അവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.

യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ദീപാ രഞ്ജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പുല്ലായിക്കൊടി ചന്ദ്രൻ, കെ മുഹമ്മദ് ബഷീർ, പി സി നസീർ, പി റജില, തഹസിൽദാർ പി സജീവൻ, പി ഡബ്ല്യു ഡി, ഇലക്ട്രിസിറ്റി, റവന്യൂ ഉദ്യോഗസ്ഥരും തമ്പുരാൻ റോഡ് നിവാസികളായ മുൻ നഗരസഭ സെക്രട്ടറി മാധവൻ, ഷെറി ഗോവിന്ദ്, അഡ്വ ധനേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380786/thaliparamba-kuppam-road-collapse-private-land-issue-municipality-action)