---
title: "പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; 14 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ"
english_title: "Kannur Murder Accused Arrested After 14 Years Absconding Parassinikadavu Case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/380987/kannur-murder-accused-arrested-14-years-absconding"
published_at: "2026-09-03T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a994eafcb318_IMG-20220424-WA0000.jpg"
keywords: ["Kannur Crime News", "Parassinikadavu Murder Case", "Kannur Police"]
---

# പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; 14 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** 2010-ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. വാഴയിൽ മുഹമ്മദ് അലി യെയാണ് കാസർഗോഡ് ഉപ്പളയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ:** 2010-ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. വാഴയിൽ മുഹമ്മദ് അലി യെയാണ് കാസർഗോഡ് ഉപ്പളയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

2010 സെപ്റ്റംബർ 17-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാങ്കടവ് സ്വദേശിയായ മൊയ്തുവിന്റെ മക്കളായ ജലാലിനെയും ജ്യേഷ്ഠൻ ഷംസീറിനെയും സഹോദരീഭർത്താവായ മുഹമ്മദ് അലി സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരണപ്പെടുകയും ഷംസീറിന് സാരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ വളപട്ടണം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ഒളിവിൽ പോയ ശേഷം സ്വന്തം കുടുംബവുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവും പുലർത്താതെ ഉപ്പളയിൽ മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വരികയായിരുന്നു ഇയാൾ. ഫുട്പാത്ത് കച്ചവടക്കാരനായും പാചകത്തൊഴിലാളിയായും ജോലി ചെയ്താണ് മുഹമ്മദ് അലി കഴിഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/380987/kannur-murder-accused-arrested-14-years-absconding)