---
title: "ദേശീയപാതയിലെ സുരക്ഷ: ജില്ലയിൽ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു"
english_title: "Kannur Highway Safety Task Force Formed NH66 District Collector"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381771/kannur-highway-safety-task-force-formed-nh66-accident-prevention"
published_at: "2026-09-09T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0ec9b10fc7_simple-card.jpg"
keywords: ["Kannur News", "NH66 News", "Road Safety News"]
---

# ദേശീയപാതയിലെ സുരക്ഷ: ജില്ലയിൽ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

> **Lead Summary:** ദേശീയപാതയിൽ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിൽ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പൊലീസ് മേധാവി കൺവീനറുമായുള്ള ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സാണ് രൂപീകരിച്ചത്.

## Article Content

ദേശീയപാതയിൽ അപകടരഹിത സുരക്ഷിതയാത്ര ഉറപ്പാക്കാൻ ജില്ലയിൽ ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പൊലീസ് മേധാവി കൺവീനറുമായുള്ള ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സാണ് രൂപീകരിച്ചത്.

എഡിഎം, നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർമാർ എന്നിവരടങ്ങിയതാണ് ടാസ്ക് ഫോഴ്സ്.

തഹസിൽദാർമാർ കൺവീനർമാരായുള്ള താലൂക്ക് തല ടാസ്ക് ഫോഴ്സുകളും ഇതോടൊപ്പം ദേശീയപാതയിലെ സുരക്ഷ ഉറപ്പാക്കും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ലെ അപകടങ്ങൾ ഇല്ലാതാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുകയുമാണ് ലക്ഷ്യം.ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തും.

അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിലവിലെ ദേശീയപാതയിൽ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം സൂചക ബോർഡുകൾ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. പ്രകാശ സംവിധാനത്തിന്റെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് സെപ്റ്റംബർ 13 നകം റിപ്പോർട്ട് നൽകാൻ കളക്ട്രേറ്റിൽ ചേർന്ന ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ യോഗത്തിൽ നിർദ്ദേശം നൽകി.

ദേശീയപാത റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടാസ്ക് ഫോഴ്സ് ഏകോപിപ്പിക്കും. ഗതാഗത സൗകര്യങ്ങൾ, അപകട സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ഉടനടി പരിഹാരം കാണൽ, വാഹന ഗതാഗതത്തിന് തടസ്സമായുള്ള കൈയേറ്റം തടയൽ, മറ്റ് തടസ്സങ്ങൾ നീക്കൽ എന്നിവയെല്ലാം ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും.

രണ്ടാഴ്ചയിലൊരിക്കൽ ടാസ്ക് ഫോഴ്സ് യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യാനും കളക്ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഢി, റൂറൽ ജില്ലാ പൊലീസ് മേധാവി ഉമേഷ് ഗോയൽ, അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ദേശീയപാത അതോറിറ്റി അധികൃതർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381771/kannur-highway-safety-task-force-formed-nh66-accident-prevention)