---
title: "ആർഎസ്എസ് ക്വട്ടേഷൻ സംഘത്തെ നിലയ്ക്ക് നിർത്തണം: ഡിവൈഎഫ്ഐ"
english_title: "DYFI Demands Action Against RSS Quotation Gang Thaliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381883/dyfi-demands-action-against-rss-quotation-gang"
published_at: "2026-09-09T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa18b9e53d9d_1000842692.jpg"
keywords: ["Kannur News", "DYFI News", "Thaliparamba News"]
---

# ആർഎസ്എസ് ക്വട്ടേഷൻ സംഘത്തെ നിലയ്ക്ക് നിർത്തണം: ഡിവൈഎഫ്ഐ

> **Lead Summary:** **തളിപ്പറമ്പ്: **ധർമ്മശാലയിലെ യുവാവിനെ ആക്രമിക്കാനെത്തിയ ആർഎസ്എസ് ക്വട്ടേഷൻ സംഘത്തെ നിലയ്ക്ക് നിർത്താൻ പൊലീസ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **ധർമ്മശാലയിലെ യുവാവിനെ ആക്രമിക്കാനെത്തിയ ആർഎസ്എസ് ക്വട്ടേഷൻ സംഘത്തെ നിലയ്ക്ക് നിർത്താൻ പൊലീസ് തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

പയ്യന്നൂർ കുന്നരുവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് എത്തിയത് എന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. ധനരാജ് കൊലപാതക കേസ് വിചാരണ നടക്കുന്ന വേളയിലാണ് ആയുധങ്ങളുമായി ക്വട്ടേഷൻ പ്രവർത്തനത്തിന് ഇറങ്ങിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

പയ്യന്നൂർ രാമന്തളി കക്കംപാറ സ്വദേശികളായ വൈശാഖ്, വിപിൻ ഉൾപ്പെടെയുള്ള ആർഎസ്എസ് ക്രിമിനലുകളാണ് മാരകായുധങ്ങളുമായി ധർമ്മശാലയിലെ യുവാവിന്റെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് വാഹനവും ആയുധവും സഹിതം പിടികൂടി പോലീസിന് കൈമാറിയെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല മിനിറ്റുകൾക്കുള്ളിൽ പുറത്തിറങ്ങിയ പ്രതികൾ നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ്.

വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയുടെയും യുവാവിന്റെയും ക്വട്ടേഷൻ ഏറ്റെടുത്താണ് ഇവർ ധർമ്മശാലയിൽ എത്തിയതെന്നാണ് വിവരം. വ്യക്തിപരമായ തർക്കങ്ങൾ അക്രമത്തിലേക്ക് എത്തി നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം അക്രമികളെ നാട് തള്ളിപ്പറയണം.

കുറച്ച് മാസങ്ങളായി തൃച്ചംബരം ആർഎസ്എസ് കാര്യാലയം കേന്ദ്രീകരിച്ച് ഈ സംഘം തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും ഭീതി പരത്തുന്നുണ്ട്. യുഡിഎഫ് ഭരണത്തിന്റെ തണലിൽ ആർഎസ്എസ് ക്വട്ടേഷൻ ടീമുകൾ അഴിഞ്ഞാടുന്നത് പൊതുജനങ്ങൾ ജാഗ്രതയോടെ കാണണം. അതോടൊപ്പം നാടിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് തളിപ്പറമ്പ് പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381883/dyfi-demands-action-against-rss-quotation-gang)