---
title: "കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് നാലാം വാർഷിക കുടുംബ സംഗമം നാളെ"
english_title: "Kolachery Pookoya Thangal Hospice Fourth Anniversary Family Meet Tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/381914/kolachery-pookoya-thangal-hospice-anniversary-meet-tomorrow"
published_at: "2026-09-10T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa229ebc222f_IMG-20191107-WA0084.jpg"
keywords: ["Kannur News", "Kolachery News", "Pookoya Thangal Hospice"]
---

# കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് നാലാം വാർഷിക കുടുംബ സംഗമം നാളെ

> **Lead Summary:** **കൊളച്ചേരി: **ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് കൊളച്ചേരി മേഖല അഞ്ചാം വർഷത്തിലേക്ക് കടന്നു.

## Article Content

**കൊളച്ചേരി: **ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പീസ് കൊളച്ചേരി മേഖല അഞ്ചാം വർഷത്തിലേക്ക് കടന്നു.

കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലേയും സമീപ പ്രദേശങ്ങളിലേയും രോഗവും പ്രായാധിക്യവും അപകടവും കാരണമായി ശയ്യാവലംബരായ ഒട്ടേറെ ആളുകളെ ചേർത്തു പിടിക്കാനും മരണാസന്നരായവർക്ക് കുടുംബാംഗങ്ങളുടെ സാമീപ്യത്തിൽ സമാധാനത്തോടെ മരണം വരിക്കാനും അവസരം നൽകി പെയിൻ ആൻഡ് പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ സംഘമാണ് പിടിഎച്ച് കൊളച്ചേരി മേഖല.

കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പിടിഎച്ച്) നാലാം വാർഷിക കുടുംബ സംഗമം 2026 സെപ്റ്റംബർ 11ന് വെള്ളിയാഴ്ച ചട്ടുകപ്പാറ ആരൂഢം ഓഡിറ്റോറിയത്തിൽ നടക്കും.മേഖല പ്രസിഡന്റ് കോടിപ്പൊയിൽ മുസ്തഫയുടെ അധ്യക്ഷതയിൽ വൈകുന്നേരം 3 മണിക്ക് നടക്കുന്ന കുടുംബ സംഗമം മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണവും, പിടിഎച്ച് കേരള ചീഫ് ഫങ്ഷണൽ ഓഫീസർ ഡോ. എം.എ. അമീറലി ആമുഖ ഭാഷണവും, യഹിയ ബാഖവി പുഴക്കര അനുഗ്രഹ ഭാഷണവും നിർവഹിക്കും.

പ്രശസ്ത മോട്ടിവേറ്റർ ബേബി ആയിഷ കൊല്ലം മുഖ്യാതിഥിയാകും.മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ കെ.ടി. സഹദുള്ള, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, മഹ്മൂദ് അള്ളാംകുളം, കെപിസി അംഗം അഡ്വ. വി.പി. അബ്ദുൾ റഷീദ് തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/381914/kolachery-pookoya-thangal-hospice-anniversary-meet-tomorrow)