---
title: "സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത"
english_title: "Power Cut Likely In Kerala Today KSEB Peak Hours"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382024/power-cut-likely-kerala-today-kseb-peak-hours"
published_at: "2026-09-10T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2ab4983700_IMG-20191107-WA0084.jpg"
keywords: ["Kerala News", "KSEB News", "Power Cut News"]
---

# സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

> **Lead Summary:** **കണ്ണൂർ:** സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്.

## Article Content

**കണ്ണൂർ:** സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ ഇന്ന് വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി വ്യക്തമാക്കിയത്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382024/power-cut-likely-kerala-today-kseb-peak-hours)