---
title: "കുപ്പം-കുറ്റിക്കോൽ ദേശീയപാതയിൽ വിള്ളൽ; നിർമാണം മന്ദഗതിയിലെന്ന് ആക്ഷേപം"
english_title: "Crack On Kuppam Kuttikkol National Highway Construction Slow Allegation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382097/crack-kuppam-kuttikkol-national-highway-construction-slow"
published_at: "2026-09-11T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa37bf2b0741_simple-card-Recovered.jpg"
keywords: ["Thaliparamba News", "Kannur News", "National Highway News"]
---

# കുപ്പം-കുറ്റിക്കോൽ ദേശീയപാതയിൽ വിള്ളൽ; നിർമാണം മന്ദഗതിയിലെന്ന് ആക്ഷേപം

> **Lead Summary:** **തളിപ്പറമ്പ്: **കുപ്പം-ചുടല-മാന്തംകുണ്ട്-കീഴാറ്റൂർ-കുറ്റിക്കോൽ പാതയിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകുന്നില്ലെന്ന് ആരോപണം. നിർമ്മാണം പുരോഗമിക്കുന്നതിനിടെ കീഴാറ്റൂർ-കുറ്റിക്കോൽ ഭാഗത്ത് റോഡിൽ വിള്ളൽ രൂപപ്പെട്ടതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

## Article Content

**തളിപ്പറമ്പ്: **കുപ്പം-ചുടല-മാന്തംകുണ്ട്-കീഴാറ്റൂർ-കുറ്റിക്കോൽ പാതയിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ട് പോകുന്നില്ലെന്ന് ആരോപണം. നിർമ്മാണം പുരോഗമിക്കുന്നതിനിടെ കീഴാറ്റൂർ-കുറ്റിക്കോൽ ഭാഗത്ത് റോഡിൽ വിള്ളൽ രൂപപ്പെട്ടതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

വയലുകൾ നിറഞ്ഞ പ്രദേശത്തിന് നടുവിലൂടെയാണ് കീഴാറ്റൂരിൽ ദേശീയപാത കടന്നുപോകുന്നത്. മഴക്കാലത്ത് ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നുണ്ടോയെന്ന ആശങ്കയും ഉയരുന്നുണ്ട്.റോഡിന്റെ ചില ഭാഗങ്ങൾ താഴ്ന്ന നിലയിലായതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വിള്ളൽ രൂപപ്പെട്ട ഭാഗത്ത് ടാർ ഒഴിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ റോഡിൽ വീണ്ടും വിള്ളൽ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാൻ ശാസ്ത്രീയമായ പരിശോധനയും സ്ഥിരമായ പരിഹാരവും ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴയെ തുടർന്ന് റോഡരികിൽ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ നിന്ന് വെള്ളം വയലിലേക്ക് ഒഴുക്കിവിടുന്നതിനായി റോഡരികിലെ സംരക്ഷണ ഭിത്തിയുടെ ഭാഗങ്ങൾ പൊളിച്ചുനീക്കിയിട്ടുമുണ്ട്.

ഇതോടെ റോഡിന്റെ സംരക്ഷണവും ഭാവിയിലെ സുരക്ഷയും സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു.ദേശീയപാതയുടെ നിർമ്മാണം ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ മണ്ണിന്റെ ഘടന, വെള്ളത്തിന്റെ ഒഴുക്ക്, റോഡിന്റെ അടിത്തറ എന്നിവ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. പ്രത്യേകിച്ച് വയൽപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശാശ്വത സംവിധാനവും ഒരുക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382097/crack-kuppam-kuttikkol-national-highway-construction-slow)