---
title: "കളിമണ്ണിൽ രൂപങ്ങൾ തീർത്ത് കൗതുകം; കണ്ണൂർ ടൗൺ സ്ക്വയറിൽ 'ചട്ടീം കലോം' മൺപാത്ര നിർമ്മാണ ശിൽപശാല ശ്രദ്ധേയമായി"
english_title: "Chattiyum Kalom Pottery Workshop Held At Kannur Town Square"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382396/chattiyum-kalom-pottery-workshop-kannur-town-square"
published_at: "2026-09-13T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa62049e7914_simple-card.jpg"
keywords: ["Kannur News", "DTPC News", "Pottery Workshop News"]
---

# കളിമണ്ണിൽ രൂപങ്ങൾ തീർത്ത് കൗതുകം; കണ്ണൂർ ടൗൺ സ്ക്വയറിൽ 'ചട്ടീം കലോം' മൺപാത്ര നിർമ്മാണ ശിൽപശാല ശ്രദ്ധേയമായി

> **Lead Summary:** കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മൺപാത്ര നിർമ്മാണത്തിന്റെ സവിശേഷതകളും നേരിട്ട് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച 'ചട്ടീം കലോം' മൺപാത്ര നിർമ്മാണ ശിൽപശാല ശ്രദ്ധേയമായി.

## Article Content

കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മൺപാത്ര നിർമ്മാണത്തിന്റെ സവിശേഷതകളും നേരിട്ട് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച 'ചട്ടീം കലോം' മൺപാത്ര നിർമ്മാണ ശിൽപശാല ശ്രദ്ധേയമായി.

അന്യംനിന്നുപോകുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ കലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും അത് നേരിട്ടനുഭവിക്കാൻ അവസരമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. കണ്ണപുരം മൊട്ടമ്മൽ സ്വദേശി മാക്കൂട്ടം ബാലൻ മൺപാത്ര നിർമ്മാണ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

മൺപാത്ര നിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ശേഖരിക്കുന്നത് മുതൽ അത് രൂപപ്പെടുത്തി വ്യത്യസ്ത രൂപത്തിലുള്ള പാത്രങ്ങൾ നിർമിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി.മൺപാത്ര നിർമ്മാണം നേരിട്ട് മനസ്സിലാക്കാനും പരീക്ഷിച്ചുനോക്കാനും അവസരം ലഭിച്ചതോടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വളരെ ആവേശത്തോടെയാണ് പരിപാടിയെ വരവേറ്റത്.

പാരമ്പര്യ കലാരൂപങ്ങളെയും പ്രാദേശിക കഴിവുകളെയും പുതുതലമുറയെ കൂടി പരിചയപ്പെടുത്തുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.കണ്ണൂർ നഗരത്തിലെ പൊതുഇടങ്ങൾ വ്യത്യസ്ത പരിപാടികളിലൂടെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കലക്ടറേറ്റ് ആംഫി തിയറ്റർ പരിസരത്ത് സംഘടിപ്പിച്ച 'ഇടം' പുസ്തക ചർച്ച ശ്രദ്ധേയമായിരുന്നു.ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പരിപാടി (ഡി.സി.ഐ.പി) യിലെ ഇന്റേണുകളാണ് പരിപാടിയുടെ ഏകോപനം നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382396/chattiyum-kalom-pottery-workshop-kannur-town-square)