---
title: "കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പുത്തൂർക്കുന്നിൽ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം - ഡിവൈഎഫ്ഐ"
english_title: "DYFI Demands Withdrawal Of Incinerator Project At Puthurkunnu Kadannappally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382520/dyfi-opposes-incinerator-plant-puthurkunnu-kadannappally"
published_at: "2026-09-14T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa771bb5b272_IMG-20191107-WA0197.jpg"
keywords: ["DYFI News", "Kadannappally News", "Kannur News", "Incinerator Issue"]
---

# കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പുത്തൂർക്കുന്നിൽ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം - ഡിവൈഎഫ്ഐ

> **Lead Summary:** **കടന്നപ്പള്ളി: **കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പുത്തൂർക്കുന്ന് ഔഷധിയിൽ ജനവാസമേഖലയോട് ചേർന്ന് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കടന്നപ്പള്ളി: **കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പുത്തൂർക്കുന്ന് ഔഷധിയിൽ ജനവാസമേഖലയോട് ചേർന്ന് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണം ആധുനിക സമൂഹത്തിന്റെ അനിവാര്യമായ ആവശ്യമാണ്. ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ മാലിന്യ സംസ്കരണ സംവിധാനങ്ങളെ ഡി.വൈ.എഫ്.ഐ ഒരിക്കലും എതിർത്തിട്ടില്ല. എന്നാൽ, മാലിന്യ സംസ്കരണത്തിനുള്ള ഒരു സംവിധാനം സ്ഥാപിക്കുമ്പോൾ അതിന്റെ സ്ഥലം നിർണയിക്കുന്നത് അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്.

രണ്ട് മെഡിക്കൽ കോളേജുകളും, വിദ്യാർത്ഥികളുടെ ഹോസ്റ്റലും, ജനവാസവും, നിരന്തരമായ ജനസഞ്ചാരവുമുള്ള ഈ പ്രദേശത്ത് ഇത്തരത്തിൽ ഒരു പ്ലാന്റ് സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ല.പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുമ്പോൾ തന്നെ ഡി.വൈ.എഫ്.ഐ ശക്തമായ പ്രതിഷേധവും അഭിപ്രായവും നിലപാടും അറിയിച്ചതാണ്.

ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായി എം.എൽ.എയുടെ ഉൾപ്പെടെയുള്ള ഇടപെടലിന്റെ ഭാഗമായി ആ ഘട്ടത്തിൽ പദ്ധതി പ്രവർത്തനങ്ങൾ നിർത്തി വച്ചിരുന്നതാണ്. എന്നാൽ വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്.

ഹരിത കേരള മിഷൻ ക്ലീൻ കേരള കമ്പനി മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട് എന്നത് ജനങ്ങളുടെ ആശങ്കകൾ അപ്രസക്തമാക്കുന്നില്ല. ജനവാസമേഖലയിലെ ജനങ്ങളുടെ ആശങ്കകളെ അവഗണിച്ച് പദ്ധതി നടപ്പാക്കാനുള്ള നീക്കം ഡി.വൈ.എഫ്.ഐ ശക്തമായി എതിർക്കും.

ഈ പ്രദേശം നിരവധി ആളുകൾ താമസിക്കുന്നതോടൊപ്പം ദിവസേന വലിയതോതിൽ ആളുകൾ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് സഞ്ചരിക്കുന്ന പ്രധാന റോഡരികിലുമാണ്. സമീപപ്രദേശങ്ങളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി നിരന്തരം എത്തിച്ചേരുന്ന സ്ഥലമാണിത്. മാത്രമല്ല കടന്നപ്പള്ളി മേഖലയിലേക്കൊഴുകുന്ന നിരവധി നീർച്ചാലുകളുടെ ഉദ്ഭവ കേന്ദ്രവും നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിനോട് ചേർന്നാണ്.

ഇത്തരമൊരു സാഹചര്യത്തിൽ മാലിന്യം എത്തിച്ച് സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്റർ ഇവിടെ സ്ഥാപിക്കുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും സ്വാഭാവികമായ ആശങ്ക സൃഷ്ടിക്കുന്നതാണ്. പ്ലാന്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വാതക പുറന്തള്ളൽ, ദുർഗന്ധം, ചാരം, വാഹനഗതാഗതം, മാലിന്യ സംഭരണം തുടങ്ങിയ വിഷയങ്ങളിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.

പ്രദേശത്ത് ഇൻസിനറേറ്റർ സ്ഥാപിക്കുന്ന തീരുമാനം പിൻവലിച്ച്, ജനവാസമില്ലാത്തതോ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തതോ ആയ അനുയോജ്യമായ മറ്റൊരു കേന്ദ്രത്തിലേക്ക് പദ്ധതി മാറ്റണം എന്നതാണ് ഡി.വൈ.എഫ്.ഐയുടെ വ്യക്തമായ നിലപാട്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ വിവിധ കക്ഷിരാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും പങ്കെടുപ്പിച്ച് ചേർന്ന യോഗത്തിൽ ഇതേ നിലപാട് തന്നെയാണ് സി.പി.ഐ.എമ്മും, ഇടതുപക്ഷവും അതോടൊപ്പം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സ്വീകരിച്ചിട്ടുള്ളത് എന്നും മനസ്സിലാക്കുന്നു.

ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പദ്ധതിയുടെ നിലവിലെ സ്ഥലനിർണയം റദ്ദാക്കാനും മറ്റൊരു സ്ഥലം കണ്ടെത്താനും ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള ഈ നിലപാടിൽ പ്രദേശവാസികൾക്ക് ഒപ്പം ഡി.വൈ.എഫ്.ഐ ശക്തമായി നിലകൊള്ളുമെന്നും ഡി.വൈ.എഫ്.ഐ കടന്നപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382520/dyfi-opposes-incinerator-plant-puthurkunnu-kadannappally)