---
title: "മുഖ്യമന്ത്രിക്കെതിരായ ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമെന്ന വാദം തള്ളി പയ്യന്നൂർ എംഎൽഎ"
english_title: "Payyannur MLA Rejects Claim That ED Move Against Pinarayi Vijayan Is Political"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382603/payyannur-mla-rejects-claim-ed-move-against-pinarayi-political"
published_at: "2026-09-14T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7e57964430_1000854933.jpg"
keywords: ["Pinarayi Vijayan News", "ED News", "Kannur News", "CPM News"]
---

# മുഖ്യമന്ത്രിക്കെതിരായ ഇഡി ശുപാർശ രാഷ്ട്രീയ പ്രേരിതമെന്ന വാദം തള്ളി പയ്യന്നൂർ എംഎൽഎ

> **Lead Summary:** *കണ്ണൂർ:* മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി.കെ. ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനങ്ങളെ പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

## Article Content

*കണ്ണൂർ:* മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ രാഷ്ട്രീയ പ്രേരിതമാണെന്ന ടി.കെ. ഗോവിന്ദന്റെ നിലപാട് തള്ളി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പിണറായിയുടെ കുടുംബത്തിനെതിരായ വിമർശനങ്ങളെ പാർട്ടിക്കെതിരായ കടന്നാക്രമണമായി കാണുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ആരോപണങ്ങൾ ഉയർന്നാൽ നേതൃത്വം കൃത്യമായ വിശദീകരണം നൽകാൻ തയ്യാറാകണം. എന്നാൽ ഇക്കാര്യത്തിൽ അത്തരമൊരു വിശദീകരണം ഉണ്ടായില്ല. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നായിരിക്കും വിശദീകരണം നൽകാത്തിടത്തോളം പൊതുജനം കരുതുകയെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി രാഷ്ട്രീയ പ്രേരിതമായി നടപടി സ്വീകരിക്കുന്നത് പതിവാണെങ്കിലും, നിലവിലെ വിഷയത്തിലും രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് ബോധ്യപ്പെടുത്തുന്ന വിശദീകരണം പാർട്ടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനത്തിന് പങ്കുണ്ടെങ്കിൽ അന്വേഷണം പ്രസ്ഥാനത്തിനെതിരെയും വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും മുന്നണിയിലെ മറ്റ് കക്ഷികളെ ബോധ്യപ്പെടുത്തേണ്ടത് സി.പി.എമ്മിന്റെ ഉത്തരവാദിത്തമാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. വിഷയം ഇതുവരെ മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. അതിനാൽ ഘടകകക്ഷികൾ സ്വതന്ത്രമായി അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എം തിരുത്തലിന് സന്നദ്ധമാകുമോ എന്നതിൽ സംശയമുണ്ടെന്നും യഥാർഥ തെറ്റിന്റെ കാരണം കണ്ടെത്തിയാൽ മാത്രമേ തിരുത്തൽ സാധ്യമാകൂവെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഇതുവരെ തിരുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382603/payyannur-mla-rejects-claim-ed-move-against-pinarayi-political)