---
title: "യുഎൽസിസിഎസിന്റെ പുതിയ ചെയർമാനായി ഷാജു എസ് ചുമതലയേറ്റു"
english_title: "Shaju S Elected As New Chairman Of ULCCS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382604/shaju-s-elected-new-chairman-ulccs"
published_at: "2026-09-14T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7e66b800a3_1000854945.jpg"
keywords: ["ULCCS News", "Kerala News", "Uralungal Labour Society"]
---

# യുഎൽസിസിഎസിന്റെ പുതിയ ചെയർമാനായി ഷാജു എസ് ചുമതലയേറ്റു

> **Lead Summary:** **കോഴിക്കോട്: **ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) പുതിയ ചെയർമാനായി ഷാജു എസിനെ തിരഞ്ഞെടുത്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് പുതിയ മാനേജിങ് ഡയറക്ടറുടെ ചുമതല നൽകിയിട്ടുള്ളത്.

## Article Content

**കോഴിക്കോട്: **ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) പുതിയ ചെയർമാനായി ഷാജു എസിനെ തിരഞ്ഞെടുത്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് പുതിയ മാനേജിങ് ഡയറക്ടറുടെ ചുമതല നൽകിയിട്ടുള്ളത്.

മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കേണ്ടി വന്നത്. യു.എൽ.സി.സി.എസിന്റെ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും ആധുനികീകരണത്തിനും രമേശൻ പാലേരി നൽകിയ നേതൃത്വവും നിർണായക സംഭാവനകളും ഡയറക്ടർ ബോർഡ് യോഗം അനുസ്മരിച്ചു.

1997-ൽ യു.എൽ.സി.സി.എസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഷാജു എസ് സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ നിർവഹിച്ചശേഷം 2009 മുതൽ 17 വർഷക്കാലം സെക്രട്ടറിയും എം.ഡിയുമായി പ്രവർത്തിച്ചിട്ടുണ്ട്.

സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും വളർച്ചയുടെ വിവിധ ഘട്ടങ്ങളെയും അടുത്തറിഞ്ഞ ദീർഘകാല പരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന കരുത്ത്. യു.എൽ സൈബർ പാർക്ക്, യു.എൽ ടെക്നോളജി സൊല്യൂഷൻസ് (ULTS) തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും വളർച്ചയിലും അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു.

സൊസൈറ്റിയുമായി ആഴത്തിലുള്ള ചരിത്രബന്ധമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. മുത്തച്ഛൻ എസ്. കണാരനും പിതാവ് എം. പൊക്കായിയും ഒരു നൂറ്റാണ്ട് മുൻപ് ഊരാളുങ്കൽ സൊസൈറ്റിക്ക് രൂപം നൽകിയ 14-അംഗ പ്രൊമോട്ടിങ് കമ്മിറ്റിയിലെ അംഗങ്ങളും സ്ഥാപകാംഗങ്ങളും ആയിരുന്നു. ഷാജുവിന്റെ പിതാവ് എസ്. കുമാരൻ സൊസൈറ്റിയിൽ തൊഴിലാളിയും ദീർഘകാലം ലീഡറും പിന്നീട് ഡയറക്ടറുമായിരുന്നു.

രമേശൻ പാലേരി സ്വപ്നം കണ്ട വികസന സങ്കൽപ്പങ്ങൾ യാഥാർഥ്യമാക്കുന്നതിനും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് തുടർച്ച നൽകുന്നതിനും യു.എൽ.സി.സി.എസിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനുമാണ് പുതിയ നേതൃത്വം ലക്ഷ്യമിടുന്നത്. നിർമാണ-അടിസ്ഥാന സൗകര്യ മേഖലകളിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിനു പുറത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അന്താരാഷ്ട്ര തലത്തിലേക്കും യു.എൽ.സി.സി.എസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ഷാജു എസ് വ്യക്തമാക്കി. ഐടി, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക സുസ്ഥിരത ശക്തിപ്പെടുത്തുക, അംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക എന്നിവയ്ക്കാണ് തന്റെ ഭരണസമിതി മുൻഗണന നൽകുന്നതെന്ന് ചെയർമാൻ ഷാജു എസ് അറിയിച്ചു. തൊഴിലാളി സഹകരണത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട്, സ്ഥാപനത്തെ കൂടുതൽ ശക്തവും സുസ്ഥിരവും ആഗോള സാന്നിധ്യമുള്ളതുമായി വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382604/shaju-s-elected-new-chairman-ulccs)