---
title: "സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം - എംവി ഗോവിന്ദൻ"
english_title: "Harsh Criticism Against Leadership In CPM State Committee Meeting Says MV Govindan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382606/harsh-criticism-against-leadership-in-cpm-state-committee-mv-govindan"
published_at: "2026-09-14T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7e90917c3a_1000854967.jpg"
keywords: ["MV Govindan News", "CPM News", "Kerala News"]
---

# സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം - എംവി ഗോവിന്ദൻ

> **Lead Summary:** **കോഴിക്കോട്: **തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

## Article Content

**കോഴിക്കോട്: **തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേരുന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉയർന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഇത്തരം വിമർശനങ്ങളിൽ സി.പി.എം നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ വിമർശനം ഉയർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കെതിരെ വിമർശനങ്ങൾ ഇല്ലെങ്കിൽ താൻ എങ്ങനെ പാർട്ടി നേതാവാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എന്നെപ്പറ്റി വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്, ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്, തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമായി മാറും' എന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സർക്കാരിന്റെ സമീപനത്തിനെതിരെയും പ്രതിരോധം ഉയർത്താനുള്ള ചർച്ചകളുണ്ടായി. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ചർച്ച ഉയർന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എല്ലാ ആഘോഷങ്ങളും എല്ലാ ജനവിഭാഗങ്ങളുടേതുമാക്കി മാറ്റാൻ ശ്രമം നടത്തണമെന്നും പ്രതിനിധി സഖാക്കൾ ചർച്ച ഉയർത്തി.

വിശ്വാസികളെ ഒഴിവാക്കി വർഗീയതക്കെതിരെ പോരാട്ടം സാധ്യമല്ല. പാർട്ടി വിദ്യാഭ്യാസത്തിന് പ്രത്യേക ആപ്പുകൾ വേണമെന്ന് നിർദേശം ഉയർന്നെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പഠന ഗവേഷണ കേന്ദ്രങ്ങളുടെ ഉയർച്ചയും നവമാധ്യമ രംഗത്തെ ഇടപെടലും ചർച്ചയായി.

സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചർച്ചയ്ക്ക് അവസരം നിഷേധിച്ചെന്ന പ്രചരണത്തിൽ പ്രതികരിച്ച അദ്ദേഹം സംസ്ഥാന കമ്മിറ്റി നേരത്തെ ചർച്ച ചെയ്താണ് രേഖ തയ്യാറാക്കിയതെന്ന് വ്യക്തമാക്കി. 19 സഖാക്കൾ നിലവിൽ ചർച്ചയിൽ പങ്കെടുത്തു.

ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞു എന്ന് റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ പാർട്ടി ഇടപെടും. കേന്ദ്ര ഏജൻസികൾക്കെതിരെ ദേശീയതലത്തിൽ പൊതുവേദി രൂപപ്പെടുത്തണമെന്നും എല്ലാ ജില്ലകളും ഇ.ഡി വിഷയം ചർച്ച ചെയ്യുന്നുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റിയിൽ തനിക്കെതിരെയും വിമർശനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയിലെ എല്ലാ നേതാക്കൾക്കെതിരെയും വിമർശനമുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382606/harsh-criticism-against-leadership-in-cpm-state-committee-mv-govindan)