---
title: "റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ, പിഎം റാഹത്ത് പദ്ധതിക്ക് ജില്ലയിൽ തുടക്കം"
english_title: "Free Treatment For Road Accident Victims PM Rahat Scheme Training In District"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/382632/pm-rahat-scheme-free-treatment-road-accident-victims-training"
published_at: "2026-09-14T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa823125af3b_simple-card-Recovered.jpg"
keywords: ["PM Rahat Scheme News", "Road Accident News", "Kerala News"]
---

# റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ, പിഎം റാഹത്ത് പദ്ധതിക്ക് ജില്ലയിൽ തുടക്കം

> **Lead Summary:** റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യമായി അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎം റാഹത്ത് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവർക്ക് ആദ്യഘട്ട പരിശീലനം നൽകി.

## Article Content

റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യമായി അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പിഎം റാഹത്ത് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവർക്ക് ആദ്യഘട്ട പരിശീലനം നൽകി.

റോഡ് അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും മരണനിരക്ക് പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാവും.

ഏത് റോഡിൽ വെച്ചും അപകടത്തിൽപ്പെടുന്നവർക്ക് ഏഴ് ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെ സൗജന്യമായി ലഭ്യമാക്കുന്നതാണ് പിഎം റാഹത്ത് പദ്ധതി എന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.പണമില്ല എന്നതിന്റെ പേരിൽ റോഡ് അപകടത്തിൽപ്പെടുന്ന ഒരാൾക്കും അടിയന്തര ചികിത്സ നിഷേധിക്കപ്പെടരുതെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി പറഞ്ഞു.

റോഡ് അപകടത്തിൽപ്പെട്ട വ്യക്തിക്ക് സാമ്പത്തിക കാരണങ്ങളാൽ ചികിത്സ വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഒഴിവാക്കി, അംഗീകൃത ആശുപത്രികളിൽ നിശ്ചിത പരിധിവരെ പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവയ്ക്ക് പദ്ധതിയിൽ സഹായം ലഭിക്കും.

പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ള / എംപാനൽ ചെയ്തിട്ടുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിലാണ് ചികിത്സാ സൗകര്യം ലഭിക്കുക.കഴിഞ്ഞ ഫെബ്രുവരി 13-നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.

അപകടത്തിൽപ്പെട്ട വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനികൾ വഴിയാണ് ചികിത്സാച്ചെലവ് കണ്ടെത്തുക. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെടുകയോ വാഹനം ഇടിച്ച് കടന്നുകളയുകയോ ചെയ്യുന്ന കേസുകളിൽ ജില്ലാ കളക്ടറുടെ പ്രത്യേക ഫണ്ടിൽ നിന്നാണ് പണം നൽകുക.

ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അപേക്ഷ നൽകിയാൽ 10 ദിവസങ്ങൾക്കകം ആശുപത്രികൾക്ക് പണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് (എസ്എച്ച്എ) പദ്ധതിയുടെ നോഡൽ ഓഫീസർ.

പരിശീലനത്തിൽ എസ്എച്ച്എ പ്രതിനിധികളായ വിനീത്, ഡോ. ജീവൻദാസ്, ആർടിഒ ഇ.എസ്. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. സന്തോഷ്, ഡോ. ജ്യോതി, എൻഐസി പ്രതിനിധി കെ. ശ്രേയ, എസ്എച്ച്എ ജില്ലാ പ്രൊജക്ട് കോഡിനേറ്റർ ടി. മിഥുൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. ബിജോയ് സ്വാഗതവും എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അബൂബക്കർ നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/382632/pm-rahat-scheme-free-treatment-road-accident-victims-training)