---
title: "കണ്ണൂരിൽ ഉറങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; പ്രതി കസ്റ്റഡിയിൽ"
english_title: "Kannur Auto Driver Brutally Attacked While Sleeping Wife Harassed Accused In Custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383111/kannur-auto-driver-brutally-attacked-bus-conductor-custody"
published_at: "2026-09-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba6d3352cf_IMG-20191107-WA0081.jpg"
keywords: ["Kannur Crime News", "Kannur Attack News", "Kerala Crime News", "Kannur Police"]
---

# കണ്ണൂരിൽ ഉറങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; പ്രതി കസ്റ്റഡിയിൽ

> **Lead Summary:** **കണ്ണൂർ: **പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂർ: **പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.

ചിറക്കൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ കെ.വി. ഗിരീഷിനാണ് (50) മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്ടറായ മയ്യിൽ സ്വദേശി ഉജിത്തിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള ഒരു തുണിക്കടയുടെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഗിരീഷിനും ഭാര്യ ഫാസിലയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.

ഭാര്യയെ ശല്യം ചെയ്യാൻ ശ്രമിച്ചത് ഗിരീഷ് ചോദ്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതിൽ പ്രകോപിതനായ പ്രതി ഇരുമ്പുവടിയുമായി എത്തി ഉറങ്ങിക്കിടക്കുകയായിരുന്ന ഗിരീഷിന്റെ തലയ്ക്കും ശരീരമാസകലവും ക്രൂരമായി അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗിരീഷിനെ ഉടൻ തന്നെ കണ്ണൂരിലെ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഗിരീഷിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. വ്യാഴാഴ്ച ഉച്ചയോടെ പോലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383111/kannur-auto-driver-brutally-attacked-bus-conductor-custody)