---
title: "നൂറ് ദിന കർമപരിപാടിയിൽ ഇരട്ടിയിലേറെ പട്ടയങ്ങൾ തയ്യാറാക്കി; മന്ത്രി എ പി അനിൽകുമാർ"
english_title: "100 Day Program Double Patta Distribution Revenue Minister AP Anilkumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383379/100-day-program-double-patta-ap-anilkumar-kannur"
published_at: "2026-09-19T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae04de6cdea_IMG-20191107-WA0206.jpg"
keywords: ["AP Anilkumar News", "Patta Mela News", "Kannur News", "Kerala News"]
---

# നൂറ് ദിന കർമപരിപാടിയിൽ ഇരട്ടിയിലേറെ പട്ടയങ്ങൾ തയ്യാറാക്കി; മന്ത്രി എ പി അനിൽകുമാർ

> **Lead Summary:** സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. ജില്ലാതല പട്ടയ മേള കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നിശ്ചയിച്ചതിലും ഇരട്ടിയിലേറെ പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറാക്കാൻ കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ പറഞ്ഞു. ജില്ലാതല പട്ടയ മേള കണ്ണൂർ ധനലക്ഷ്മി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്താകെ അയ്യായിരം പേർക്ക് പട്ടയം നൽകണമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാൽ ഇതുവരെ പതിനായിരത്തിലേറെ പട്ടയങ്ങൾ വിതരണത്തിന് സജ്ജമാക്കാനായി. ദശാബ്ദങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് സർക്കാർ ഇതിലൂടെ തുണയായത്.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് മുപ്പത്തിയയ്യായിരത്തിലേറെ ഭൂമി തരം അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാനായെന്നും മന്ത്രി പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീട്ടിക്കൊണ്ടുപോവുന്നത് ഭൂഷണമല്ല എന്ന തിരിച്ചറിവാണ് പട്ടയങ്ങൾ നൽകാൻ സർക്കാരിനെ പ്രാപ്തമാക്കിയത്.അഡ്വ ടി ഒ മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ പി ഇന്ദിര, എംഎൽഎമാരായ ടി കെ ഗോവിന്ദൻ മാസ്റ്റർ, പി കെ പ്രവീൺ, അഡ്വ സജീവ് ജോസഫ്, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി വിഷ്ണു രാജ്, അസി കലക്ടർ എസ് സ്വാതി, എഡിഎം കെ ബാലഗോപാലൻ, എൽ ആർ ഡെപ്യൂട്ടി കലക്ടർ വി ഇ ഷേർളി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 1845 പട്ടയങ്ങളാണ് ജില്ലാതല പട്ടയമേളയിൽ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383379/100-day-program-double-patta-ap-anilkumar-kannur)