---
title: "നാളത്തെ പത്രത്തിനായി കാത്തിരിക്കേണ്ട; വാർത്തകൾ നിമിഷങ്ങൾക്കകം ജനങ്ങളിലെത്തും - ഓൺലൈൻ മാധ്യമങ്ങളുടെ കാലമാണിത്: പരിയാരം പഞ്ചായത്ത് പ്രസിഡന്റ്"
english_title: "Online Media Is The Future Pariyaram Panchayat President Taliparamba Press Club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383485/online-media-future-pariyaram-president-taliparamba-press-club"
published_at: "2026-09-19T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae9fc258274_1000866649.jpg"
keywords: ["Taliparamba News", "Pariyaram News", "Press Club News", "Kannur News"]
---

# നാളത്തെ പത്രത്തിനായി കാത്തിരിക്കേണ്ട; വാർത്തകൾ നിമിഷങ്ങൾക്കകം ജനങ്ങളിലെത്തും - ഓൺലൈൻ മാധ്യമങ്ങളുടെ കാലമാണിത്: പരിയാരം പഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** **തളിപ്പറമ്പ്: **പുതിയ തലമുറയ്ക്ക് വാർത്തകൾക്കായി ദീർഘനേരം കാത്തിരിക്കാനുള്ള സമയമില്ലെന്നും സംഭവങ്ങൾ നടക്കുന്ന നിമിഷം തന്നെ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ കാലഘട്ടമാണ് ഇനി വരുന്നതെന്നും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ പറഞ്ഞു. തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ സൗഹൃദസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്: **പുതിയ തലമുറയ്ക്ക് വാർത്തകൾക്കായി ദീർഘനേരം കാത്തിരിക്കാനുള്ള സമയമില്ലെന്നും സംഭവങ്ങൾ നടക്കുന്ന നിമിഷം തന്നെ വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ കാലഘട്ടമാണ് ഇനി വരുന്നതെന്നും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്ണൻ പറഞ്ഞു. തളിപ്പറമ്പ് ഓൺലൈൻ പ്രസ്സ് ക്ലബ്ബിന്റെ സൗഹൃദസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ സർവീസിലെ ഔദ്യോഗിക തിരക്കുകൾക്കിടയിലും സൗഹൃദസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. സൗഹൃദ കൂട്ടായ്മയിലൂടെ നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് മുന്നോട്ട് പോകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങളോ മാറ്റങ്ങൾ ആവശ്യമായ വിഷയങ്ങളോ ഉണ്ടെങ്കിൽ മാധ്യമ പ്രവർത്തകർ തുറന്നുപറയണം. അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ പരിഗണിക്കാനും സാധ്യമായ ഇടപെടലുകൾ നടത്താനും പഞ്ചായത്ത് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രദേശത്തിന്റെ വികസനത്തിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും മാധ്യമങ്ങൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർണായക പങ്കുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ മാധ്യമങ്ങൾ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അവ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിനുള്ള ഇടപെടലുകൾ നടത്താൻ സാധിക്കും.

ഇനി വരാനിരിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളുടെ ശക്തമായ കാലഘട്ടമാണ്. ഒരു പരിപാടി നടക്കുമ്പോൾ തന്നെ, പ്രസംഗം പൂർത്തിയാകുന്നതിന് മുമ്പുപോലും പ്രധാന വിവരങ്ങൾ വാർത്തയായി ജനങ്ങളിലെത്തിക്കാൻ ഓൺലൈൻ മാധ്യമങ്ങൾക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ നാളത്തെ പത്രത്തിനായി കാത്തിരിക്കേണ്ട കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383485/online-media-future-pariyaram-president-taliparamba-press-club)