---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ തുടർച്ചയായി അപകടം; പോലീസ് സേനയെ നിയോഗിച്ചു"
english_title: "Taliparamba Bus Stand Repeated Accidents Police Deployed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/383964/taliparamba-bus-stand-accidents-police-deployed-passenger-safety"
published_at: "2026-09-23T21:50:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab3fdda86f72_1000876247.jpg"
keywords: ["Kannur News", "Taliparamba News", "Bus Stand Accident", "Police News"]
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ തുടർച്ചയായി അപകടം; പോലീസ് സേനയെ നിയോഗിച്ചു

> **Lead Summary:** തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പോലീസ് സേനയെ നിയോഗിച്ചു.

## Article Content

തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പോലീസ് സേനയെ നിയോഗിച്ചു.

തളിപ്പറമ്പ് ഡി.വൈ.എസ്.പി. ടി.പി. സുമേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അസ്ബർ യു.എച്ച്.ന്റെ നേതൃത്വത്തിലാണ് 14ഓളം പോലീസുകാരെ ബസ് സ്റ്റാൻഡിൽ വിന്യസിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒരു സ്ത്രീയെ ബസ് ഇടിക്കുകയും മറ്റൊരു സംഭവത്തിൽ കുട്ടിയുടെ കാലിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ബസ് സ്റ്റാൻഡിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

അപകടങ്ങൾ സംഭവിക്കുന്നതിന് ബസ് ജീവനക്കാരുടെ മാത്രം ഭാഗത്ത് കുറ്റം ചുമത്താനാകില്ലെന്നും യാത്രക്കാരുടെ അശ്രദ്ധയും അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബസിൽ നിന്ന് ഇറങ്ങിയ ഉടൻ ചുറ്റുമുള്ള വാഹനങ്ങളുടെ സഞ്ചാരം ശ്രദ്ധിക്കാതെ മൊബൈൽ ഫോൺ നോക്കി നടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ബസ് ഇറങ്ങിയ ശേഷം ഫോൺ നോക്കുന്നതിനുപകരം ചുറ്റുമുള്ള വാഹനങ്ങളും ബസുകളും ശ്രദ്ധിച്ച് സുരക്ഷിതമായി സൈഡ് ഭാഗത്തേക്ക് മാറണമെന്നാണ് പോലീസ് നിർദ്ദേശം.

അതുപോലെ ബസ് സ്റ്റാൻഡിന്റെ നടുവിലൂടെ അനാവശ്യമായി നടക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും ഒഴിവാക്കണം. ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും കഴിയുന്നത്ര സൈഡ് ഭാഗത്തെ നടപ്പാതകൾ ഉപയോഗിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

പൊലീസ് ഏയ്ഡ് പോസ്റ്റിൽ സ്ഥിരം പൊലീസ് സാന്നിധ്യമുണ്ടാകുന്നതും അപകടം കുറക്കാൻ സഹായിക്കും 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/383964/taliparamba-bus-stand-accidents-police-deployed-passenger-safety)